Saturday, August 9, 2014

മാടായിപ്പാറ സംരക്ഷിക്കുക.

Copied from: http://patabhedam.com/1996/02/

കാമ്പയിന്‍
ണ്ണൂര്‍ ജില്ലയില്‍ പഴയങ്ങാടി റയില്‍വേ സ്റ്റേഷനടുത്ത് മാടായി ഗ്രാമത്തില്‍ സമതലത്തില്‍ നിന്ന് 120 അടി ഉയരത്തിലുള്ള മാടായിപ്പാറയുടെ ഒരു കോണില്‍ 20 ഏക്കറോളം സ്ഥലത്ത് കഴിഞ്ഞ 40 വര്‍ഷമായി ഖനനം നടന്നു വരികയാണ്. ചൈനാക്ലേയാണ് കുഴിച്ചെടുക്കുന്നത്.ഈ ഖനനംമൂലം നൂറുകണക്കിന് കിണറുകളിലെ വെള്ളം കുടിക്കാന്‍ കൊള്ളാത്തതായി. രണ്ടും മൂന്നും വിളവുകളെടുക്കുന്ന നിരവധി ഏക്കര്‍ വയലുകള്‍ കഴിഞ്ഞ 25 വര്‍ഷമായി കൃഷിചെയ്യാന്‍ പറ്റാത്ത അവസ്തയിലാണ്. രൂക്ഷമായ വായുമലിനീകരണവും ആരോഗ്യപ്രശ്‌നങ്ങളും സൃഷ്ടിക്കപ്പെട്ടിരിക്കയാണ്.
ഖനനം അവസാനിപ്പിച്ചുകിട്ടാന്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി ഇവിടെ നിരന്തരം സമരം നടക്കുകയാണ്. പ്രകൃതിയുടെ വരദാനമെന്നു വിശേഷിപ്പിക്കുന്ന മാടായിപ്പാറപ്പുറത്തുള്ള വിശാലമായ വടുകുന്ദ തടാകവും തകര്‍ച്ചാഭീഷണി നേരിടുകയാണ്. കേരള നിയമസഭയുടെ പരിസ്ഥിതി കമ്മിറ്റി ഈ പ്രദേശം സന്ദര്‍ശിക്കുകയും സംജാതായിട്ടുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ അതിരൂക്ഷമാണെന്ന് അവരുടെ റിപ്പോര്‍ട്ടുകളിലൂടെ നിയമസഭയില്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പരിഹാര നിര്‍ദ്ദേശങ്ങളും സമര്‍പ്പിച്ചിരുന്നു. അവയൊന്നും ഇതുവരെ നടപ്പാക്കിയില്ലെന്നു മാത്രമല്ല ഖനനം കൂടുതല്‍ ശക്തമായി കൂടുതല്‍ ദുരിതം ജനങ്ങളില്‍ അടിച്ചേല്പ്പിച്ചു കൊണ്ടിരിക്കുകയാണ്.
കേരള ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള കേരള ക്ലേയ്‌സ് ആന്റ് സിറാമിക്‌സ് പ്രൊഡക്ട്‌സ് ലിമിറ്റഡ് ‘ എന്ന കമ്പനിയാണ് ഇപ്പോള്‍ ചൈന ക്ലേ ഖനനം നടത്തുന്നത്.
ഈ പ്രശ്‌നം നിലനില്‍ക്കവേയാണ് മാടായിപ്പാറ മുഴുവന്‍ ഖനനം ചെയ്യാനുള്ള ഒരു വന്‍ പദ്ധതിക്കു കേരളസര്‍ക്കാര്‍ രൂപം നല്‍കി നടപ്പാക്കാന്‍ പോകുന്നത്. 900 ഏക്കറോളം വിസ്തൃതിയുള്ള പാറയുടെ 600 ഏക്കര്‍ ഭാഗമാണ് ഉടന്‍ ഖനനത്തിനുള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 20 കൊല്ലം കൊണ്ട് കുഴിച്ചെടുക്കാവുന്ന 5.5 ദശലക്ഷം ലിഗ്നൈറ്റും 29 ദശലക്ഷം ചൈനാക്ലേയും ഇവിടെയുണ്ടത്രേ. എന്നാല്‍ ഇവ ലഭിക്കുമ്പോള്‍ നേട്ടങ്ങളേക്കാള്‍ എത്രയോ മടങ്ങ് നഷ്ടമാണ് ഈ പ്രദേശത്തുള്ളവര്‍ക്കും നാടിനും ഉണ്ടാവാന്‍ പോകുന്നത്. ഇവിടെ 1996 ഫെബ്രുവരി മുതല്‍ ഖനനം ആരംഭിക്കുമെന്ന് ഈ ആവശ്യത്തിന് ഗുജറാത്ത് മിനറല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷനും കേരള മിനറല്‍ ഡവലപ്‌മെന്റ് കോര്‍പ്പറഷന്‍ ലിമിറ്റഡും ചേര്‍ന്ന് രൂപംകൊണ്ട കമ്പനിയുടെ എം.ഡി. മനോജ് ജോഷി പ്രഖ്യാപിച്ചിട്ടുണ്ട്.
നീര്‍മറി പ്രദേശമായ ഈ പാറയിലും പരിസരത്തും ജീവിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ഈ പാറ ശുദ്ധജലം നല്‍കുന്നു. ഈ ഗ്രാമത്തിലെ ഏക വനപ്രദേശം പാറയുടെ ചരിവിലാണ്. ലോകത്ത് ആദ്യമായി കണ്ടുപിടിക്കപ്പെട്ട നാലു അപൂര്‍വ്വ സസ്യങ്ങള്‍ പാറയിലുണ്ട്. കൂടാതെ യുറേഷ്യയില്‍ നിന്നും വരുന്ന ദേശാടനപ്പക്ഷികളുടേയും സവിശേഷതയുള്ള എഴുപതോളം പൂമ്പാറ്റകളുടേയും ആവാസ കേന്ദ്ര കൂടിയാണ് മാടായിപ്പാറ. കോലത്തിരി രാജവംശത്തിന്റെ തകര്‍ന്ന കോട്ടകള്‍, ജൂതന്മാരുടെ കുടിയേറ്റവുമായി ബന്ധപ്പെട്ട ജൂതക്കുളം, പുരാതന സംസ്‌കാരവുമായി ബന്ധമുള്ള യാഗഭൂമി എന്നിവയടക്കമുള്ള പല ചരിത്രസ്മാരകങ്ങളും മാടായിപ്പാറയില്‍ കാണാം. കേരളത്തില്‍ ആദ്യമായി സ്ഥാപിക്കപ്പെട്ട മുസ്ലീം പള്ളികളിലൊന്നായ ‘മാടായിപ്പള്ളി’ മാടായിപ്പാറയുടെ ചരിവിലാണ്. ഉത്തരകേരളത്തിലെപ്രസിദ്ധ ദേവീ ക്ഷേത്രമായ മാടായിക്കാവും വടുകന്ദ ശിവക്ഷേത്രവും മാടായിപ്പാറയില്‍ സ്ഥിതിചെയ്യുന്നു.
ഈ പീഠഭൂമിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ അതിമനോഹരങ്ങളാണ് . അറബിക്കടലിലൂടെ വരുന്ന കാറ്റ് ഏഴിമലയേയും തലോടി ഇവിടെ എത്തുമ്പോള്‍ സുഖശീതളമാകുന്നു. ഇവിടം ഒരിക്കല്‍ സന്ദര്‍ശിച്ചവര്‍ക്കുണ്ടാകുന്ന അനുഭൂതി അവര്‍ ജീവിതത്തിലൊരിക്കലും മറക്കില്ല. സര്‍വ്വമത സാഹോദര്യത്തിന്റെ സാക്ഷികളായി നിലകൊള്ളുന്ന ആരാധനാലയങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് ഇതൊരു തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ്.
മാടായിപ്പാറ മുഴുവന്‍ ഖനനം ചെയ്താല്‍ മേല്‍പ്പറഞ്ഞവയൊക്കെ നഷ്ടമാകുമെന്നു മാത്രമല്ല കുടിവെള്ളം, കൃഷിയിടം, ശുദ്ധവായു എന്നിവയെ അപകടപ്പെടുത്തി ജനജീവിതം ദുരിതപൂര്‍ണ്ണമാക്കും. വരും തലമുറക്കും ഇവിടെ ജീവിക്കാന്‍ സാധ്യമല്ലാത്ത ഒരവസ്ഥയുണ്ടാകും.
ഉപഭോഗ അത്യാര്‍ത്തിയും ആഗോളവല്‍ക്കരണവും ഒത്തുചേര്‍ന്ന് നേട്ടങ്ങള്‍ കൊയ്‌തെടുത്ത് പോകുമ്പോള്‍ കഷ്ടപ്പാടുകള്‍ അനുഭവിക്കാന്‍ വിധിക്കപ്പെടുന്ന ഈ പ്രദേശത്തുകാര്‍ ഖനനം ആഗ്രഹിക്കുന്നില്ല. അവരുടെ മേല്‍ ഖനനം അടിച്ചേല്പ്പിക്കുകയാണ്.
ഈ ധര്‍മ്മ സമരത്തില്‍ അങ്ങയുടേയും കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും അങ്ങു പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനങ്ങളുടേയും പൂര്‍ണ്ണ സഹകരണമുണ്ടാകണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
ഫെബ്രുവരി 11ന് മാടായിപ്പാറക്കടുത്ത് വെങ്ങരയില്‍ വരാന്‍ പോകുന്ന സമരങ്ങളുടെ വിളംബര സമ്മേളനം നടക്കും. ഫെ: 29ന് വൈകുന്നേരം 3 മണിക്ക് മാടായിപ്പാറയില്‍ ആയിരങ്ങലെ പങ്കെടുപ്പിച്ചുകൊണ്ട് സംരക്ഷണവലയം സഷ്ടിക്കും.
സ്ഥലം വന്നുകണ്ടും സമരപരിപാടികളില്‍ പങ്കെടുത്തും സംരക്ഷണ പ്രസ്താവനകള്‍ പുറപ്പെടുവിച്ചും അധികൃതര്‍ക്കു കത്തു നല്‍കിയും കഴിയാവുന്ന എല്ലാ സഹായങ്ങളും ചെയ്തുതന്നും സാധിക്കുമെങ്കില്‍ സംരക്ഷണ സമിതിയുടെ ഭാഗമായിച്ചേര്‍ന്ന് സഹകരിച്ചും ജീവന്റെ തുടിപ്പ് നിലനിര്‍ത്താന്‍ നടത്തുന്ന ഈ പോരാട്ടത്തില്‍ വിജയം ഉറപ്പുവരുത്താന്‍ സഹായിക്കണമെന്ന് ഒരിക്കല്‍ കൂടി അപേക്ഷിക്കുന്നു

No comments:

Post a Comment