Friday, August 8, 2014

Zubair Mutton in China Clay FB Group on 16.Nov-2013

"പൂച്ചക്ക് മണി കെട്ടാന്‍" ആള്‍ക്കാരെ ആവശ്യമുണ്ട്...

അമിത രാഷ്ട്രീയത്തിന്‍റെ കീടനാശിനിയോ, ഹരിത രാഷ്ട്രീയത്തിന്‍റെ ഉപ്പ് ലായനിയോ തളിച്ച് ശുദ്ധീകരിക്കാവുന്നതല്ല, വെങ്ങര, മുട്ടം ഭാഗത്തെ കിണറുകളിലേക്ക് വര്‍ഷങ്ങളായി ഒലിച്ചിറങ്ങുന്ന ചൈനക്ലേ വിഷം. ഗ്രൂപ്പില്‍ വാക്പയറ്റ് നടത്തിയും, വാളില്‍ പോസ്റ്ററൊട്ടിച്ചും, അന്യോന്യം കുറ്റാരോപണവും, പരസ്പരം കുറ്റ വിചാരണ ചെയ്തും ഒരു ഗ്രാമീണ ജനതയുടെ ജീവ വായുവിലും, കുടിനീരിലും പാഷാണം കലര്‍ത്തുന്ന സര്‍ക്കാര്‍ സ്ഥാപനത്തെ കീബോര്‍ഡ്‌ വസന്തത്തിലൂടെ തുരത്താന്‍ ശ്രമിക്കുന്നവര്‍ അല്പം ചരിത്രം പഠിക്കുന്നത് നന്നായിരിക്കും...

ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങളില്‍ പലപ്പോഴും രാഷ്ട്രീയക്കാര്‍ക്ക് മുന്നിട്ടിറങ്ങാറില്ല, അതിനവര്‍ക്ക് അവരുടെതായ ന്യായങ്ങള്‍ ഉണ്ട്, പക്ഷേ പുറത്ത് പറയില്ല എന്ന് മാത്രം... കേരളാ വ്യവസായ വകുപ്പ് പ്രവര്‍ത്തിക്കുന്നത് വ്യവസായ വളര്‍ച്ചക്കാണ് അല്ലാതെ ഉള്ള വ്യവസായം പൂട്ടിക്കാനല്ല, വകുപ്പ് ഭരിക്കുന്ന മന്ത്രിയുടെ പാര്‍ട്ടിക്കാര്‍ക്ക് അതുകൊണ്ട് തന്നെ ചൈനാക്ലെ പ്രശ്നത്തില്‍ മുന്നില്‍ നില്‍ക്കാനൊക്കില്ല, അവര്‍ ചില പൊടിക്കൈകള്‍ കാണിക്കും, ചൈനക്ലേക്കെതിരെ സമരം ചെയ്ത ചില വ്യക്തികളെ ചൂണ്ടിക്കാണിച്ചു അവന്‍ നമ്മന്‍റെ ആളാണെന്നു വീമ്പു പറയുന്ന എട്ടുകാലി മമ്മുഞ്ഞിമാരുടെ കോപ്രായം കണ്ട് അനുയായി വൃന്ദം "സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ" എന്ന് പ്രതികരിക്കും, വകുപ്പ് ഭരിക്കുന്ന പാര്‍ട്ടിക്കാര്‍ തന്നെ പ്രാദേശിക ഭരണംകൂടി നടത്തുമ്പോള്‍ മുട്ടത്തുകാരെ, വെങ്ങരക്കാരെ നിങ്ങളെയോര്‍ത്ത് സഹതാപത്തിന്‍റ രണ്ടിറ്റു കണ്ണീര്‍ വാര്‍ക്കുകയല്ലാതെ പിന്നെന്തു ചെയ്യും ഞങ്ങള്‍?

അടുത്ത ചോദ്യം ഇവര്‍ ഇങ്ങിനെയായിപ്പോയി പിന്നെ മറ്റവരും എന്താ ഇങ്ങിനെ എന്നായിരിക്കും, അവരും രാഷ്ട്രീയക്കാര്‍ തന്നെയാണ്, അവര്‍ക്കും അവരുടെതായ താല്‍പര്യങ്ങള്‍ ഉണ്ട്. ഇരിണാവെന്ന കമ്മ്യുണിസ്റ്റ് സ്ട്രോങ്ങ്‌ ഹോള്‍ഡിലും ചീമേനിയെന്ന പാര്‍ട്ടിഗ്രാമത്തിനടുത്തും ആണവ നിലയമെന്ന പെരിയ മുസീബത്ത് വരുന്നു എന്ന വാര്‍ത്ത കേട്ടപ്പോള്‍ തന്നെ മുഷ്ടി ചുരുട്ടി ചെറുത്തു തോല്‍പിച്ച വിപ്ലവ സിങ്കങ്ങള്‍ ചൈനക്ലെയുടെ കാര്യത്തില്‍ കുഞ്ഞാപ്പാന്‍റെയും, കുഞ്ഞാടുകളെയും തീരുമാനം കാത്തുനില്‍ക്കുന്നതിന്‍റെ ഗുട്ടന്‍സ് മനസിലാക്കാന്‍ ചെഗുവേരക്ക് പഠിക്കുകയോ, പോളണ്ടിലേക്ക് പറക്കുകയോ ഒന്നും വേണ്ട, അവിടെ ജോലിചെയ്യുന്നവരില്‍ ഭൂരിഭാഗവും നമ്മന്‍റെ ആള്‍ക്കാരാണ് എന്നത് തന്നെ പ്രധാന കാരണം, മാത്രമല്ല അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ വഴിപാടു പോലെ വന്നെത്തുന്ന ഭരണമാറ്റത്തില്‍ SOFT WOOD KAREEM SAHEB (എളമരം കരീം സാഹെബ്) എന്ന കിനാലൂര്‍ ഫെയിമിനെതിരെ ഒരു HARD LINE സമീപനം എന്തായാലും സഖാക്കള്‍ ആഗ്രഹിക്കുന്നുമില്ല..

വേറെന്താണ് പോംവഴിയെന്നു നമുക്കൊന്ന് ആലോചിച്ചു നോക്കാം. അതിനായാണ് ചരിത്രത്തിലേക്ക് തിരിയാന്‍ പറയുന്നത്, മലിനപ്പെടാത്ത വായുവും, മലീമസമല്ലാത്ത വെള്ളവും ഏതൊരു പൌരന്‍റെയും അവകാശമാണ്. അതിനു ശേഷമേ മറ്റെന്തും വരുന്നുള്ളൂ, ഇവ രണ്ടും നിഷേധിച്ചു കൊണ്ട്, ജീവന് ഭീഷണിയായി ഒരു സ്ഥാപനം വിഷം വമിപ്പിക്കുന്നു എന്ന് (അത് സ്വകാര്യ മേഖലയിലൊ, പൊതു മേഖലയിലൊയുള്ള ഏതു കൊലക്കൊമ്പന്‍ കമ്പനിയാവട്ടെ) തെളിയിക്കാന്‍ പറ്റുമെങ്കില്‍ നിങ്ങള്‍ ഇനിയും ആരെ പേടിക്കണം? എന്തിനു കാത്തിരിക്കണം? അപ്പപ്പോള്‍ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന രാഷ്ട്രീയ ഏമാന്‍മാരെ ഇനിയും അന്ധമായി പിന്തുടരാതെ, നിയമത്തിന്‍റെയും, ബഹുജന സമരത്തിന്‍റെയും വഴി തേടിയാല്‍ തീര്‍ച്ചയായും ഈ ദുരിത പര്‍വ്വം താണ്ടാന്‍ നിങ്ങള്‍ക്കാവും.

ആഗോള തലത്തിലെ ഏറ്റവും പ്രമുഖമായ പത്ത് കമ്പനികളിലൊന്നും, നൂറിലേറെ രാജ്യങ്ങളിലായി കുത്തക സ്ഥാപിച്ച ആഗോള ഭീമനുമായ, ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഉല്‍പന്നമായ കൊക്കോകോളയെ വാളയാര്‍ ചുരത്തിനപ്പുറത്തേക്ക് കെട്ടുകെട്ടിക്കാന്‍ ശ്രീ എ. കൃഷ്ണന്‍റെ പെരുമാട്ടിക്കായെങ്കില്‍, ചൈനക്ലെ എന്ന ചിന്ന കമ്പനിയെ പടിയടച്ച് പിണ്ഡം വെക്കാന്‍ ശ്രീമതി രാജമ്മ തച്ചന്‍റെ മാടായിക്കും സാധിക്കുക തന്നെ ചെയ്യും. പക്ഷേ ഒന്നോര്‍ക്കുക അവിടെ വസന്തത്തില്‍ ഇടിമുഴക്കം സൃഷ്ടിച്ചത് സ്ഥലം എം എല്‍ എയൊ, പഞ്ചായത്തു ഭരണകൂടമോ മാത്രമല്ല, ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്നത് കൊണ്ടാണ്. അക്ഷരാഭ്യാസം പോലുമില്ലാത്ത, അതേ കമ്പനിയില്‍ തന്നെ ജോലി ചെയ്തിരുന്ന ഒരു പാവം സ്ത്രീയുടെ നേത്രത്വത്തില്‍ അവര്‍ അണിനിരന്നപ്പോള്‍ രാഷ്ട്രീയക്കാര്‍ പിറകെ പിന്തുണയുമായി പാഞ്ഞെത്തി, പ്ലാച്ചിമടയില്‍ പിന്നെ നടന്നതൊക്കെ ചരിത്രമാണ്, ഗ്രാമപഞ്ചായത്ത് സുപ്രിം കോടതി വരെ പോയി കേസ് നടത്തി, ഒടുവില്‍ കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡിന് കൊക്കോകോള കമ്പനിയുടെ ലൈസന്‍സ് റദ്ദു ചെയ്യേണ്ടി വന്നു.....

പ്ലാച്ചിമട നമുക്കൊരു പാഠമാണ്, അതൊരു തുറന്ന പുസ്തകവുമാണ്, എന്തേ കണ്മുന്നിലുള്ള ആ സമരവീര്യവും അതിന്‍റെ വിജയവും നമുക്ക് പ്രചോദനമാകുന്നില്ല? ചരിത്രത്തില്‍ നിന്നും പഠിക്കാനും, ചിലതൊക്കെ പകര്‍ത്താനും ഉണ്ട്, അല്ലാതെയത് വെറുതെ വായിച്ചു രസിച്ചു തള്ളിക്കളയാനുള്ളതല്ല എന്ന തിരിച്ചരിവ് ഉടയതമ്പുരാന്‍ നമുക്ക് തരട്ടെ. പഠിച്ചതൊന്നും മറക്കുകയോ, പുതിയതൊന്നും പഠിക്കുകയോ ചെയ്യാതെ ചിലര്‍ കള്ളനും പോലീസും കളിച്ച് സ്വയം പരിഹാസ്യരാവുന്നത് കാണുമ്പോള്‍ ദേശ്യവും,സങ്കടവുമൊക്കെ കൂടിക്കലര്‍ന്നൊരു സമ്മിശ്ര വികാരമാണ് ഉടലെടുക്കുന്നത്, ഈ വികാരപ്രകടനം ചൈനക്ലെയുടെ ദുരിതമനുഭവിക്കുന്നവരുടെ സിരകളിലേക്ക് പടര്‍ന്നു പിടിച്ചാല്‍ അത് മതി, രാഷ്ട്രീയ ദുഷ്പ്രഭുത്വത്തിന്‍റെ കോട്ട കൊത്തളങ്ങള്‍ നിലം പരിശാക്കാനെന്ന നല്ലയറിവു എല്ലാര്‍ക്കും ഉണ്ടായെങ്കില്‍...

ഇന്ത്യാ ചൈനാ യുദ്ധ കാലത്ത് കമ്മ്യൂണിസ്റ്റ്കാര്‍ വിളിച്ചു നടന്ന മുദ്രാവാക്യം ' ഇന്ത്യാ ചൈനാ ഭായി, ഭായി" എന്നായിരുന്നു. ചൈനക്ലേ പ്രശ്നത്തില്‍ ലീഗും, സി പി എമ്മും "ഭായി, ഭായി" വിളിച്ചു കളിക്കയാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാനൊക്കുമോ?

No comments:

Post a Comment