Thursday, August 7, 2014

ചൈന ക്ലേ സമരം: നിസ്സഹാകരിക്കുന്നവരോട് കുറച്ചു കാര്യങ്ങള്‍



ചൈന ക്ലേ സമരം: നിസ്സഹാകരിക്കുന്നവരോട് കുറച്ചു കാര്യങ്ങള്‍

20 ല്‍ അധികം വര്‍ഷങ്ങളായി വിഷ മാലിന്യം മുട്ടം തോടിലൂടെ പാലക്കോട് പുഴയിലേക്ക് ഒഴുക്കി വിടുക വഴി തോടിനു ഇരു വശത്തും നൂറുകണക്കിന് കിണറുകള്‍ പൂര്‍ണ്ണമായും മലിനമാക്കപ്പെടുകയും, കൃഷി നശിക്കുകയും ക്യാന്‍സര്‍ പോലുള്ള  മാരക രോഗങ്ങള്‍ പ്രദേശത്തു വ്യാപിക്കുകയും ചെയ്യുന്നു.  ഈ മലിനീകരണ പ്രക്രിയ ഉടന്‍ നിര്‍ത്തിക്കാത്ത പക്ഷം മുട്ടം ജനവാസയോഗ്യമല്ലാതാവും.  നാട്ടുകാര്‍ മാറാരോഗികളാവും.  പുത്തന്‍ തലമുറയ്ക്ക് വേദനകള്‍ സഹിക്കാന്‍ മാത്രമേ നിര്‍വ്വാഹമുണ്ടാകൂ. അത്തരമൊരു തിരിച്ചറിവില്‍ നിന്നാണ് ചൈന ക്ലേ മലിനീകരണത്തിന് എതിരെ പൊതു ജന പ്രക്ഷോഭം ഉയരുന്നത്.

ഈ ദുരവസ്ഥ മാറുന്നതിനു നാം കിണഞ്ഞു ശ്രമിക്കുമ്പോഴും, തൊട്ടടുത്ത പ്രദേശവാസികള്‍ പോലും നമ്മോട് സഹകരിക്കുമ്പോഴും, നമ്മുടെ നാട്ടുകാരുടെ പ്രാതിനിധ്യം വേണ്ടത്ര നമുക്ക് ലഭിച്ചിട്ടില്ല, ലഭിക്കുന്നില്ല. എന്ത് കൊണ്ട്?

പലരെയും യോഗങ്ങള്‍ക്കും, മറ്റു പ്രവര്‍ത്തനങ്ങള്‍ ആലോചിക്കുന്നതിനുമായി ക്ഷണിക്കുമ്പോള്‍ ലഭിക്കുന്ന മറുപടി പലതാണ്.  ദുഃഖകരമെന്നു പറയട്ടെ ഭൂരിഭാഗം ആള്‍ക്കാര്‍ പറയുന്ന കാരണങ്ങളും അവരുടെ ഉദാസീനത, മടി എന്നിവ മറച്ചു വെക്കാന്‍ അവര്‍ കണ്ടെത്തുന്ന പൊട്ടന്‍ ന്യായങ്ങളാണ്.

·                     കുറെ കാലമായല്ലോ സമരം ചെയ്യുന്നു, എന്നിട്ടെന്തായി... ഇങ്ങിനെ നാം കുറെ കണ്ടതാ
അതെ... ഈ സമരം കുറെ കാലമായി എന്ന് നിങ്ങള്‍ മനസിലാക്കിയിട്ടുണ്ട് എന്നത് നല്ല കാര്യം.  ഒരിക്കല്‍ സമരം ചെയ്തു അത് പൂര്‍ണ്ണ വിജയം കണ്ടില്ല എങ്കില്‍ മടക്കി കുത്തി വീടിലിരിക്കണം എന്നാണോ?  ഭാവി തലമുറയ്ക്ക് വേണ്ടിയുള്ളതാണ് ഈ സമരം. ഒരു നാടിനു മുഴുവന്‍ വേണ്ടി. ഞങ്ങള്‍ സമരം ചെയ്യും ലക്‌ഷ്യം കാണും വരെ. ആ ലക്‌ഷ്യം എവിടെയെന്നു വിദൂര കാഴ്ച പോലും ഇല്ല എങ്കിലും. പക്ഷെ ഞങ്ങള്‍ക്ക് ഉറപ്പുണ്ട് ഈ സമരത്തിന്റെ അവസാനം ഞങ്ങളുടെ ലക്‌ഷ്യം ഞങ്ങളെ കാത്തിരിക്കുന്നുണ്ട് എന്ന്. അന്ന് നിങ്ങളും നിങ്ങളുടെ കുട്ടികളും, നിങ്ങളുടെ കൃഷിയും ആ ഗുണം അനുഭവിക്കും. ആരോ നേടിത്തന്ന സൗകര്യം അന്ന് നിങ്ങള്ക്ക് മതിയാവോളം ആസ്വദിക്കാം.
·                     സമയമില്ല... ജോലിയുണ്ട്... അതുണ്ട് ഇതുണ്ട് എന്ന ഒഴികഴിവുകള്‍
ഈ സമരത്തില്‍ പങ്കെടുക്കുന്നവര്‍ ജോലി ഇല്ലാത്തവരോ, കുടുംബം ഇല്ലാത്തവരോ, സമയം കളയാന്‍ ഒരു വഴിയും കാണാത്തത് കൊണ്ട് ഈ പ്രവര്‍ത്തനത്തില്‍ ഇറങ്ങിയവരോ അല്ല. ഭാവിയില്‍ നമ്മുടെ നാടിന്റെ സ്ഥിതി എന്തായിരിക്കും എന്ന് അകക്കണ്ണ് കൊണ്ട് കാണാന്‍ കഴിയുന്ന എല്ലാ സഹജീവികളെയും പോലെ സ്വകാര്യമായ നിരവധി കാര്യങ്ങള്‍ ഉണ്ടായിട്ടും ഈ സമരത്തിനു വേണ്ടി തങ്ങളുടെ വിലപ്പെട്ട സമയത്തില്‍, സമ്പത്തില്‍, ആരോഗ്യത്തില്‍ കുറച്ചു സ്വന്തം നാടിനു വേണ്ടി ചിലവഴിക്കാന്‍ ഇറങ്ങിയിട്ടുല്ലവരാണ് ഞങ്ങള്‍. മാതൃ രാജ്യത്തിനും പ്രദേശത്തിനും വേണ്ടിയും, കുടി വെള്ളത്തിനും, ജീവിക്കാനുള്ള അവകാശത്തിനും വേണ്ടി സമരം ചെയ്യുന്നവര്‍ക്ക് അല്ലാഹുവിന്റെ പ്രതിഫലം തീര്‍ച്ചയായും ലഭിക്കും എന്ന ഉത്തമ വിശ്വാസത്തില്‍ തന്നെയാണ് നിങ്ങള്‍ ഇറങ്ങിയിട്ടുള്ളത്.
*    കമ്പനിയില്‍ നിന്ന് പണം വാങ്ങി സമരത്തെ മുമ്പ് ഒറ്റിയിട്ടുണ്ട് ഇത് അതിനൊക്കെ വേണ്ടിയല്ലേ
    കൃമികളും നികൃഷ്ട ജീവികളും, ചെന്നായ്ക്കളും എല്ലാം ഉണ്ടാകും എല്ലായിടത്തും.  പക്ഷെ അവയെ കണ്ടെത്തി ദൂരെയാക്കുക, ആട്ടിയോടിക്കുക.  ആരെങ്കിലും വെച്ച് നീട്ടുന്ന കറന്‍സി കണ്ടു പൊതുജന സമരത്തെ ഒറ്റികൊടുക്കാന്‍ മാത്രം നീചന്‍മാരായ ആരും ഈ സമരത്തില്‍ ഉണ്ട് എന്ന് ഞങ്ങള്‍ മനസിലാക്കുന്നില്ല.  പുറത്തു നിന്ന് വിമര്‍ശിക്കാതെ യോഗത്തില്‍ വരിക, അത്തരക്കാരെ ചൂണ്ടിക്കാണിക്കുക. പൊതു വിചാരണ ചെയ്യാം നമുക്ക് അത്തരക്കാരെ.  പങ്കെടുക്കാതെ ദൂരെ ഇരിക്കാന്‍ മാത്രം ഇത്തരം വിമര്‍ശങ്ങള്‍ അഴിച്ചു വിടാതിരിക്കുക
·                     താന്‍ കുടിക്കുന്നത് നല്ല വെള്ളമാണ്, എനിക്ക് രോഗങ്ങള്‍ ഇല്ല. അതുകൊണ്ട് ഞാന്‍ എന്തിനു സമരത്തിനു വരണം
താങ്കളുടെ കിണര്‍ വെള്ളം, അല്ലെങ്കില്‍ കുടിക്കുന്ന വെള്ളം ഒന്ന് ലാബില്‍ കൊണ്ട് പോയി ടെസ്റ്റ്‌ ചെയ്യുക. ബാക്ടീരിയ ഉണ്ടോ എന്ന ടെസ്റ്റ്‌അല്ല. എന്തൊക്കെ കെമിക്കല്‍ അതിലുണ്ട് എന്ന ടെസ്റ്റ്‌ ചെയ്യുക. കാരണം കെമിക്കല്‍ അടിഞ്ഞ നിങ്ങളുടെ വെള്ളത്തില്‍ ബാക്ട്രീരിയയെ കാണാനാവില്ല കാരണം ബാക്ട്രീരിയയും ഒരു ജീവനുള്ള ജീവിയാണ്.  അത്തരം കെമിക്കല്‍ കൊണ്ട് എന്തൊക്കെ പ്രശ്നങ്ങള്‍ വരാം എന്നും പഠിക്കാന്‍ ശ്രമിക്കുക.  വീട്ടില്‍ ഇപ്പോഴുള്ള ശ്വാസം മുട്ടലും അലര്‍ജ്ജിയും പാരമ്പര്യ രോഗമാണോ അതോ ഇത് മൂലം വന്നതാണോ എന്ന് അപഗ്രധിക്കുക.
·                     തനിക്ക് വിദ്യാഭ്യാസമുണ്ട് നല്ല ജോലിയുണ്ട്.... താന്‍ ഇതിലൊന്നും ഇടപെടേണ്ട ആളല്ല. രാഷ്ട്രീയവും ഇതുമൊക്കെ ജോലി ഇല്ലാത്തവന്മാര്‍ക്ക് ഉള്ളതാണ് എന്ന സ്വാര്‍ത്ഥ ചിന്ത.
തനിക്ക് അള്ളാഹു അനുഗ്രഹിച്ച വിദ്യാഭ്യാസവും തൊഴിലും നല്ല ശമ്പളവും വാങ്ങി തനിക്കും, തന്റെ മക്കള്‍ക്കും, ഭാര്യക്കും ജീവിക്കാന്‍ മാത്രമായി ഉള്ളതാണ് എന്നാണോ താങ്കള്‍ ധരിച്ചിരിക്കുന്നത്?  താങ്കളെ പോലെ ഇത്തരം സ്വാര്‍ത്ഥ മോഹം ഉള്ളില്‍ വെച്ച് നാടിന്റെ പ്രശ്നങ്ങളില്‍ ഇടപെടാതെ പഠിക്കാനും ജോലി കണ്ടെത്താനും ശ്രമിച്ചിരുന്നു വെങ്കില്‍ താങ്കളേക്കാള്‍ ഉയര്‍ന്ന വിദ്യാഭ്യാസവും, ജോലിയും നേടാന്‍ കഴിയുന്ന അനവധി പേര്‍ ഈ സമരത്തിലുണ്ട് എന്ന് മനസിലാക്കുക. വിദ്യാഭ്യാസം നേടാന്‍ സാമ്പത്തിക പ്രയാസം മൂലമോ, ആരോഗ്യ പ്രശ്നങ്ങള്‍ മൂലമോ സാധിക്കാതെ വന്ന പാവപ്പെട്ടവന്നു വേണ്ടി, തന്റെ നാടിനു വേണ്ടി താന്‍ നേടിയ വിദ്യാഭ്യാസവും, അറിവും, ചിന്താ ശക്തിയും ചിലവിടുമ്പോള്‍ മാത്രമാണ് ആ വിദ്യാഭ്യാസം സുന്ദരമാകുന്നത്.  അല്ലാത്ത പക്ഷം അത് കുപ്പയിലെ മാണിക്യം മാത്രമാണ്.
·                     ഞങ്ങളെ യോഗത്തിനു വിളിക്കാറില്ല, അറിയാറില്ല...
ജുമാ നിസ്കാരങ്ങള്‍ക്ക് ശേഷവും, മറ്റും യോഗ വിവരങ്ങള്‍ അറിയിക്കാറുണ്ട്. ഈ സമര സമിതിയില്‍ മെമ്പര്‍ഷിപ് എടുക്കുക എന്ന രീതിയില്ല. നാടിലെ, ദുരിതം സഹിക്കുന്ന ഇവരും മെമ്പര്‍മാര്‍ ആണ്. ഇതു നിമിഷവും, ഇതു യോഗത്തിലും നല്ല ഉദ്ദേശ്യത്തോടെ നിങ്ങള്ക്ക് കയറി വരാം. സമരത്തില്‍ പ്രവര്‍ത്തിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളുമായി ഇടയ്ക്കിടെ ബന്ധപ്പെട്ടാല്‍ നിങ്ങള്ക്ക് യോഗം നടക്കുന്ന വിവരങ്ങളും ദുരിതത്തിന്റെ വ്യാപ്തിയും മനസിലാക്കാം.

നാടില്‍ ക്യാന്‍സറും, ആസ്ത്മയും, ശ്വാസകോശ രോഗങ്ങളും, കിഡ്നി ലിവര്‍, ത്വക്ക്‌ രോഗങ്ങള്‍, അലര്‍ജ്ജി എന്നിവ പടരുകയാണ്. വെള്ളം നാള്‍ക്കു നാള്‍ അടുത്ത കിനരുകളിലേക്ക് വ്യാപിച്ചു ഓരോ കിണറുകളും നശിപ്പിക്കപ്പെടുകയാണ്. കൃഷി നശിച്ചു കൊണ്ടിരിക്കുന്നു. മല്‍സ്യ സമ്പത്തും പുഴയും നശിപ്പിക്കപ്പെടുന്നു.  നാം ഇപ്പോള്‍ തന്നെ വൈകിയിരിക്കുന്നു... ഇനിയും വൈകിയാല്‍ ഒരിക്കലും തിരിച്ചു കൊണ്ട് വരാന്‍ കഴിയാത്ത മാരകമായ ഒരവസ്ഥ നമ്മുടെ നാടിനു പിടിപെടും...  എന്‍ഡോസള്‍ഫാന്‍ ദുരിത മേഖലപോലെ മറ്റൊരു പ്രേത ബാധിത നാടായി ഈ പ്രദേശംമാറും.

നല്ല വെള്ളത്തിനും, ശുദ്ധ വായുവിനും, നല്ല മണ്ണിനും, ആരോഗ്യത്തിനും, നാടിനും ഭാവി തലമുറക്കും വേണ്ടി ഇറങ്ങുക... ഭിന്നതകള്‍ മാറ്റി വെക്കുക...

എന്റെ മക്കള്‍ കുടിക്കുന്ന വെള്ളം നശിപ്പിക്കപെടുന്നു.... അതിനു ഒരു വഴി കണ്ടെത്തി തരൂ മക്കളെ എന്ന് വിലപിക്കുന്ന പാവപ്പെട്ട ഉമ്മമാര്‍ക്ക്‌ വേണ്ടി, ക്യാന്‍സറും മറ്റു രോഗങ്ങളും പിടിക്കപ്പെട്ട സഹജീവികളോട് അല്പമെങ്കിലും കാരുണ്യം തോന്നുന്നു എങ്കില്‍... നിഷ്കളങ്കരായ കൊച്ചു മക്കള്‍ കുടിക്കുന്നത് വിഷ ജലം ആണ് നാളെ അവരുടെ കരളിനെയും കിഡ്നിയെയും അത് നശിപ്പിച്ചേക്കാം എന്ന അറിവ് താങ്കളുടെ ഹൃദയത്തെ വേദനിപ്പിക്കുന്നു എങ്കില്‍...

വരൂ... നമുക്കൊന്നിച്ച് ശ്രമിക്കാം....

No comments:

Post a Comment