Monday, August 11, 2014

ആരുണ്ട്‌ ഈ സമരം ഏറ്റെടുക്കാന്‍?



മുട്ടം പ്രദേശത്തു ചൈന ക്ലേ മലിനീകരണം മൂലമുണ്ടാവുന്ന ഗുരുതര പാരിസ്ഥിതി, ആരോഗ്യ പ്രശ്നങ്ങള്‍ കാരണം പല തവണ പൊതു ജന പ്രക്ഷോഭം രൂപം കൊണ്ടിട്ടുല്ലതാണ്. പക്ഷെ ഓരോ തവണയും പഞായത്തിന്റെയോ കമ്പനിയുടെയോ കള്ള വാഗ്ദാനങ്ങളില്‍ വിശ്വസിച്ചു പ്രക്ഷോഭം തണുക്കുകയോ അതല്ല എങ്കില്‍ സമര പ്രവര്‍ത്തകര്‍ എന്ന വ്യാജേന സമര പ്രവര്‍ത്തകരില്‍ കയറി പറ്റി കമ്പനിയുടെയോ പഞ്ചായത്തിന്റെയോ ഔദാര്യം പറ്റി ജീവിക്കുന്ന വല്ലവന്റെയും കുടില തന്ത്രങ്ങളില്‍ പെട്ടോ സമരം തണുക്കുകയോ ഇല്ലാതാവുകയോ ചെയ്യുന്നു...

കുറച്ചു പൊതു ജനം ആവശ്യപ്പെട്ടത് കൊണ്ട് ഒരു പൊതു മേഖല സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കാന്‍ സാധിക്കില്ല. പക്ഷെ ഗുരുതര മലിനീകരണം തടയാന്‍ തീര്‍ച്ചയായും വ്യക്തമായ വഴികളുണ്ട്.

മാര്‍ഗ്ഗം A : ഉചിത മാര്‍ഗ്ഗേണ


1.                  പൊതു ജനം ആരോപിക്കുന്ന ഗുരുതര മലിനീകരണ, ആരോഗ്യ, അന്തരീക്ഷ പ്രയാസങ്ങള്‍ യാടാര്ത്യമാണ് എന്ന് സര്‍ക്കാരിന് ബോധ്യപ്പെടണം. ജനങളുടെ വാക്കുകള്‍ സാധാരണായി ഇത്തരം അവസരങ്ങളില്‍ കണക്കിലെടുക്കാറില്ല. കാരണം, രാഷ്ട്രീയ പ്രേരിതമായും കുറച്ച ജനങ്ങള്‍ കൂട്ടം ചേരാം.  അത്തരം സന്ദര്‍ഭങ്ങളില്‍ സര്‍ക്കാര്‍ ന്യായമായും റിപ്പോര്‍ട്ട് ചോദിക്കേണ്ടത് ജില്ലാ ഭരണാധികാരി കൂടിയായ ജില്ലാ കല്ലെക്ടരോടാണ്.  ആ ഘട്ടത്തില്‍ കളക്ടര്‍ പഞായത്തിനോടും റിപ്പോര്‍ട്ട് ചോദിക്കും.  ഈ അവസരത്തില്‍ സത്യാ സന്ധമായ റിപ്പോര്‍ട്ട് പഞ്ചായത്ത് അധികൃതര്‍ മുകളിലോട്ടു നല്‍കുക എന്നുള്ളതാണ് ഒന്നാമത്തെ നടപടി. ഇതിനാണ് പൊതുജനം പ്രക്ഷോഭം ചെയ്യുന്നത്.
ഇവിടെ അത്തരം ഒരു സത്യസന്ധമായ റിപ്പോര്‍ട്ട് പഞ്ചായത്ത് നല്‍കിയിട്ടില്ല. പകരം, പല തവണ, പല തരം റിപ്പോര്‍ട്ടുകള്‍ ആണ് നല്‍കിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ജന സമ്പര്‍ക്ക പരിപാടിയില്‍ പ്രദേശത്തു യാതൊരു മലിനീകരണ പ്രശ്നങ്ങളും നില നില്‍ക്കുന്നില്ല എന്ന് പോലും വന്ജനാത്മക റിപ്പോര്‍ട്ട് പഞ്ചായത്ത് നല്‍കിയിട്ടുണ്ട്.

2.                  പഞ്ചായത്ത് അത്തരം ഒരു സത്യസന്ധമായ റിപ്പോര്‍ട്ട് നല്‍കി കഴിഞ്ഞാല്‍, കമ്പനിക്ക്‌ എതിരാണ് റിപ്പോര്‍ട്ട് എന്ന് തോന്നിയാല്‍, കല്ലെക്ടര്‍ നേരിട്ടോ അദ്ദേഹത്തിന്‍റെ കീഴുദ്യോഗസ്തര്‍ മുഖേനയോ ആ റിപ്പോര്‍ട്ട് ശരിയാണോ എന്ന് പരിശോധിക്കുക ശേഷം മന്ത്രിക്കു അയക്കുക എന്നുള്ളതാണ് അടുത്തത്. 
പഞ്ചായത്ത് സ്ഥിരതയുള്ള ഒരു റിപ്പോര്‍ട്ട് നല്‍കാത്തതും, പൊതുജന രോഷം ഭയന്ന് ചില അവസരങ്ങളില്‍ മലിനീകരണം ഉണ്ട് എന്നും, കമ്പനി പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഉത്തരവിടണം എന്നുമൊക്കെ പ്രമേയങ്ങളും മറ്റും തയാറാക്കിയിട്ടുണ്ട്.  (പക്ഷെ നാട്ടുകാര്‍ കയറി ഇറങ്ങിയാല്‍ ഒരു പക്ഷെ മാസങ്ങള്‍ കഴിഞ്ഞോ മറ്റോ അത് അയച്ചു എന്നിരിക്കും) എങ്കിലും, ആ വിഷയങ്ങളില്‍ അത്മാര്‍ത്തത ഇല്ലാത്തത് കൊണ്ട് തന്നെ തുടര്‍ച ഉണ്ടായില്ല, അല്ലെങ്കില്‍ ഒരു കത്ത് മുകളിലോട്ടു അയച്ചു നിര്‍ത്തുന്നു. മാടായി പഞ്ചായത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള ഫയലിംഗ് രീതികളോ, മര്യാദയോ, രേഖകളോ ഇല്ലാത്തത് കൊണ്ട് തന്നെ ഫയല്‍ തീര്‍പ്പാകുക, അല്ലെങ്കില്‍ പെണ്ടിംഗ് ഫയലുകളിന്മേല്‍ പിന്നീട് സെക്രട്ടറിയോ, മറ്റാരെങ്കിലുമോ ഒരു വിശകലനം നടത്തുക എന്നീ പരിപാടികളും നമ്മുടെ പഞ്ചായത്തില്‍ ഇല്ല. അത് കൊണ്ട് തന്നെ അയച്ച ഒരു കത്തിന് മറുപടി വര്‍ഷങ്ങള്‍ കഴിഞ്ഞും ലഭിച്ചില്ല എങ്കിലോ, ഇനി ലഭിച്ചു എങ്കില്‍ തന്നെ അത് കൃത്യമായി ഫയലില്‍ ചേര്‍ത്തു തുടര്‍ നടപടി എടുക്കുക എന്നാ പരിപാടിയോ ഈ പഞ്ചായത്തില്‍ ഇല്ല. (ഈ ആരോപണം ശരിയാണോ എന്ന് അറിയാന്‍ പഞ്ചായത്തില്‍ ചെന്ന് ചൈന ക്ലേ സംബന്ധമായ ഫയല്‍ വിവരാവകാശ നിയമ പ്രകാരം പരിശോധിക്കാന്‍ സമയം ചോദിക്കുക.  അവര്‍ നല്‍കുന്ന സമയത്ത് പരിശോധിക്കാവുന്നതാണ്.. അങ്ങിനെ ഒരു ഫയല്‍ അവിടെ ഉണ്ട് എങ്കില്‍ (!!). ആദ്യ മണിക്കൂര്‍ സൌജന്യവും പിനീടുള്ള ഓരോ മണിക്കൂറിനും തുച്ചമായ ചാര്‍ജു നല്‍കണം. ആവശ്യമുള്ള പേജുകള്‍ മുഴുവന്‍ ഫോടോ കോപ്പി ആവശ്യപ്പെടാം. ഒരു കോപ്പി രണ്ടു രൂപ വീതം നല്‍കുക.  ശ്രമിക്കുക ഞാന്‍ എഴുതിയതുമായി വിയോജിക്കുന്നവര്‍)

3.                  പഞ്ചായത്തും, കല്ലെക്ടരും കമ്പനിയുടെ ഗുരുതര മലിനീകരണം സത്യമാണ് എന്നും, പൊതു ജനം ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍കൊണ്ട് കഷ്ട്ടപ്പെടുന്നു എന്നും റിപ്പോര്‍ട്ട് ചെയ്‌താല്‍ ഒരു പൊതു മേഖലാ സ്ഥാപനം എന്നതിനാലും, (തുച്ചമായ എണ്ണം എങ്കിലും) കുറച്ചു പേരുടെ തൊഴിലിനെ ബാധിക്കുന്ന പ്രശ്നം ആയതിനാലും, സര്‍ക്കാരിന് ഒരു അന്വേഷണ കമീഷനെ നിയമിക്കുകയോ, മെഡിക്കല്‍ പരിശോധനക്ക് ഉത്തരവിടുകയോ ചെയ്യാവുന്നതാണ്. ക്യാന്‍സര്‍ മൂലവും മറ്റും പൊതു ജനം കഷ്ട്ടപ്പെടുമ്പോള്‍ പ്രദേശത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ ധര്‍മ്മമാണ് സര്‍കാരില്‍ ഇത്തരം പ്രവര്‍ത്തങ്ങള്‍ക്ക് വേഗത കൈവരുത്താനുള്ള നീക്കങ്ങള്‍ നടത്തുക എന്നുള്ളത്. 

ഈ ഘട്ടത്തില്‍ ഈ നാടിന്റെ സമരം ഇത്രയും കാലമായി എത്തിയില്ല എങ്കിലും, ഇത്തരം കാര്യങ്ങള്‍ക്ക് പ്രദേശത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ പൂര്‍ണ്ണ പരാജയം ആണ് എന്ന് പറയുന്നതില്‍ യാതൊരു തെറ്റും ഇല്ല.  ഇതില്‍ പഞ്ചായത്ത് ഭരിക്കുന്ന പാര്‍ട്ടിക്ക് ഈ പരാജയത്തില്‍ നിന്നും അത്ര പെട്ടെന്ന് ഒഴിഞ്ഞു മാറാനും പറ്റില്ല.

മേല്‍ വഴിയിലൂടെ ജനങ്ങളുടെ പ്രശ്നം ശരിയായ രീതിയില്‍, ശരിയായ ഇടങ്ങളില്‍ എത്തേണ്ടതുണ്ട്.  ഓരോ വകുപ്പുകളിലും ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ ഉണ്ടാക്കപ്പെടാനും ഇത് ഉപകരിക്കും. അങ്ങിനെ ആകുമ്പോള്‍ ഇതൊരു പൌരനും വിവരാവകാശം വഴിയോ മറ്റോ കാര്യങ്ങള്‍ എവിടെ എത്തി നില്‍ക്കുന്നു എന്ന് അറിയാനുള്ള മാര്‍ഗ്ഗം കൂടെ ആകും അത്. അല്ലാതെ ബഹു. മുഖ്യമന്ത്രിയോ, വ്യവസായവകുപ്പ് മന്ത്രിയോ, കണ്ണൂര്‍ ജില്ലക്ക് പുറമേ ഉള്ള ഏതെങ്കിലും നേതാവോ പരിസരത്തു മറ്റു വല്ല കാര്യത്തിനും വരുമ്പോള്‍ പരാതിയുടെ ഓരോ പകര്‍പ്പും കൊണ്ട് ചെന്ന് കൊടുത്ത്, രണ്ടു ഫോട്ടോ എടുത്തു ഫെയ്സ്ബുക്കില്‍ ഇട്ടോ, മറ്റു വല്ല കാര്യത്തിനും ചേരുന്ന പാര്‍ട്ടി യോഗത്തില്‍ കമ്പനി പൂട്ടണം എന്നൊരു തീരുമാനം കൂടെ കൂട്ടി ചേര്‍ത്തു പത്രത്തില്‍ കൊടുത്ത് സ്വന്തം ഫെയ്സ്ബുക്ക്‌ വാളില്‍ ചേര്‍ത്തത് കൊണ്ടോ പാവപ്പെട്ട കുഞ്ഞു മക്കള്‍ക്ക്‌ ഈ ഗുരുതര മലിനീകരണത്തില്‍ നിന്ന് രക്ഷയുണ്ടാവില്ല.  അത്തരം നേതാക്കള്‍ പരിസരത്തു വരുമ്പോള്‍, ഏറ്റവും കുറഞ്ഞത് ഈ മലിനീകരണം മൂലം കഷ്ട്ടപ്പെടുന്ന ഒരു മൂന്നു വീടും, മൂന്നു കുട്ടികളെയും എങ്കിലും അത്തരം നേതാക്കള്‍ക്ക് കാണിച്ചു കൊടുക്കുക. പല നേതാക്കള്‍ വരുമ്പോള്‍ ഹൃദയം മരവിക്കാത്ത, കുഞ്ഞുമക്കളുടെ വേദനകള്‍ മനസിലാക്കാനാവുന്ന ഒരു നേതാവെങ്കിലും അത് ഹൃദയത്തില്‍ തട്ടി മനസിലാക്കിയാല്‍ അദ്ദേഹത്തിന്‍റെ ഇടപെടല്‍ ഈ നാടിനു ഒരു ഗുണമായി ഭാവിച്ചേക്കാം.

മാര്‍ഗ്ഗം B : പഞ്ചായത്തിന്റെ നിയമപരമായ വഴി

ഇനി മറ്റൊരു മാര്‍ഗ്ഗം ഉള്ളത്, നിയമപരമായ ഇടപെടല്‍ ആണ്. അതിനു വേണം പഞ്ചായത്തിന്റെ അത്മാര്‍ത്തത. അത് തന്നെയാണ് ഈ പ്രശ്നത്തില്‍ ഇന്നുവരെ ഇല്ലാതിരുന്നതും.
ആ വഴി കൊച്ചു വിവേകത്തില്‍ തോന്നുന്നത് ഇങ്ങിനെ:

1.                  പഞ്ചായത്തില്‍ നിന്നും യാതൊരു വിധ ലൈസന്‍സും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഈ കമ്പനിയുടെ കാര്യത്തില്‍ പഞ്ചായത്ത് പറയുന്നത് സര്‍ക്കാര്‍ പൊതു മേഖലാ സ്ഥാപനം പഞ്ചായത്ത് ലൈസന്‍സ് എടുക്കേണ്ടതില്ല എന്നുള്ളതാണ്. ആ വാദത്തെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കാര്യത്തിലേക്ക് പെട്ടെന്ന് കടക്കാന്‍ നാം അത് അംഗീകരിക്കാം ശരി. പക്ഷെ അത് സര്‍ക്കാര്‍ സ്ഥാപനം ആണ് എന്നതിന് പഞ്ചായത്തില്‍ എന്ത് രേഖയുണ്ട്?  എല്ലാര്ക്കും അറിയാം എന്നതോ, കമ്പനി അവകാശപ്പെടുന്നതോ പഞ്ചായത്തില്‍ തെളിവല്ല. അതിനു സര്‍ക്കാര്‍ നേരിട്ട് പഞ്ചായത്തിനു കത്ത്, സര്‍ക്കുലര്‍, ഉത്തരവ് നല്‍കിയിരിക്കണം. ഇത് സര്‍ക്കാര്‍ കമ്പനി ആണ് എന്നും, ലൈസന്‍സ് എടുക്കാന്‍ നിഷ്കര്ഷിക്കരുത് എന്നും, ഇത്ര കാലത്തേക്ക് അനുമതി നല്‍കണം എന്നും. അതുണ്ടോ നമ്മുടെ പഞ്ചായത്തില്‍?  എന്നെ വിമര്ഷിക്കുനവര്‍ക്ക് ഒന്ന് നേരിട്ട് അന്വേഷിക്കാവുന്നതാണ്.

2.                  സര്‍ക്കാര്‍ കമ്പനി ലൈസന്‍സ് എടുക്കേണ്ടതില്ല എന്ന് നിഷ്കരിഷിച്ച അതെ പഞ്ചായത്ത് രാജ് നിയമത്തില്‍ തന്നെയാണ് അധികാര പരിധിയിലെ കുടിവെള്ളം, അന്തരീക്ഷ മലിനീകരണം, കൃഷി നാശം എന്നിവ ഇലാതാക്കി സംരക്ഷിക്കാനുള്ള ബാധ്യത പഞായത്തിനാണ് എന്ന് വ്യക്തമാക്കുന്നത്. ആ വകുപ്പില്‍, ഇത്തരം മലിനീകരണം നടത്തുന്നത് സര്‍ക്കാര്‍ കമ്പനി ആണ് എങ്കില്‍ കയ്യും കെട്ടി നോക്കി ഇരിക്കണം എന്നൊരു ക്ലൌസ് നമ്മുടെ പഞ്ചായത്ത് കാണുന്നുണ്ടോ എന്ന് എനിക്കറിയില്ല. ഭരിക്കുന്നവര്‍ തന്നെ പറയണം.


3.                  ട്രീട്മെന്റ്റ് പ്ലാന്റ് തുടങ്ങാന്‍ പഞ്ചായത്ത് അനുമതി നല്‍കിയിട്ടുണ്ട്.
ആനയെ വാങ്ങാന്‍ അനുമതി വേണ്ട, തോട്ടി വാങ്ങാന്‍ വേണം എന്ന് പറയും പോലെ, കമ്പനി പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് വേണ്ട, അവരുടെ ട്രീട്മെന്റ്റ് പ്ലാന്റ് സ്ഥാപിക്കാന്‍ വേണം! അതോ ട്രീട്മെന്റ്റ് പ്ലാന്റ് പഞ്ചായത്തിന്റെ സ്ഥാപനം ആണോ?

4.                  പഞ്ചായത്തിന്റെ അധികാരത്തിലുള്ള തോടിലൂടെ കമ്പനിക്ക് ശുദ്ധീകരിച്ച വെള്ളം ഒഴുക്കാന്‍ (ശുദ്ധീകരിച്ച വെള്ളം മുട്ടത്തുകാര്‍ക്ക് ലഭികാതെ നേരിട്ട് പുഴയില്‍ എത്തിക്കാന്‍!) പൈപ്പിടാന്‍ കമ്പനിക്ക്‌ അനുവാദം നല്‍കണം എന്ന് സര്‍ക്കാര്‍ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരിന് ഇത്തരം കാര്യങ്ങളില്‍ പഞ്ചായത്തിന്റെ അനുമതി ആവശ്യമില്ല എങ്കില്‍, ഈ ഒരു കൊച്ചു കാര്യത്തിന് എന്തിനു നേരിട്ട് അനുമതി നല്‍കാതെ പഞ്ചായത്തിനോട് ആവശ്യപ്പെട്ടു. മാടായി പഞ്ചായത്തില്‍ ഇരിക്കുന്നത് വിഡ്ഢികള്‍ ആയിരിക്കാം, അവരാല്‍ ഭരിക്കപ്പെടുന്നവര്‍ വോട്ടു ചെയ്തു പോയി എന്നത് കൊണ്ട് മാത്രം അവരെക്കാള്‍ വിഡ്ഢികള്‍ ആണ് എന്ന് ധരിച്ചിരിക്കയാണോ?

5.                  പൊതു ജന രോഷം തടയാന്‍, പ്രദേശത്തെ പാര്‍ട്ടി കൂടെ തീരുമാനിച്ചു എടുത്ത തീരുമാനം ആണ് ആ പൈപ്പ് എടുത്തു മാറ്റണം എന്നത്. പഞ്ചായത്ത് അതിനായി കമ്പനിക്ക്‌ കത്ത് കൊടുത്ത്. നാളിതുവരെ അതില്‍ യാതൊരു നടപടിയും ഇല്ല. അത് പൊതു ജനം ചെയ്തപ്പോള്‍ രാജ്യദ്രോഹം ചെയ്ത പ്രതികളെ പോലെ, നാടിനും, കൊച്ചു മക്കള്‍ക്കും മാതാപിതാക്കള്‍ക്കും വേണ്ടി സമരം ചെയ്ത യുവാക്കളെ കേസുകളില്‍ പെടുത്തി പീഡിപ്പിക്കുന്നു. അതിനു ചിലര്‍ ഒത്താശ ചെയ്യുകയും ചെയ്യുന്നു.

6.                  ആയതിനാല്‍ പഞ്ചായത്ത് ഭരിക്കുന്ന പാര്‍ട്ടിക്കും, പഞ്ചായത്ത് ഭരണ കൂടത്തിനും ഈ സമരത്തോട് ആഭിമുഖ്യം ഉണ്ട് എങ്കില്‍, പൊതു ജന വികാരം ഉള്‍കൊള്ളാന്‍ തയ്യാര്‍ എങ്കില്‍, പഞ്ചായത്ത് മുമ്പ് കൊടുത്ത പൈപ്പ് എടുത്തു മാറ്റാനുള്ള കത്തിന് മേല്‍ നടപടി കൈകൊള്ളുക. കമ്പനി ചെയ്യാന്‍ തയാര്‍ അല്ല എങ്കില്‍ പഞ്ചായത്ത് സ്വയം എടുത്തു മാറ്റി അതിനുള്ള ചെലവ് കമ്പനിയില്‍ നിന്നും വസൂലാക്കുക.

7.                  അതിനു ശേഷം ഏതെങ്കിലും ഭാഗത്ത് കൂടി ഒരിറ്റു വിഷജലം എങ്കിലും പഞ്ചായത്ത് അധികാര പരിധിയില്‍ പെടുന്ന സ്ഥലത്ത് കമ്പനിയില്‍ നിന്നും ഒഴുക്കുകയാണ് എങ്കില്‍ സ്റ്റോപ്പ്‌ മെമ്മോ, പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കമ്പനിക്ക് കത്ത് കൊടുക്കുകയും, പ്രസ്തുത വിവരം കാര്യ കാരണ സഹിതം സര്‍ക്കാര്‍, കലക്ടാര്‍ എന്നിവര്‍ക്ക് അറിയിക്കുകയും ചെയ്യുക.

8.                  ഈ കമ്പനിക്ക്‌ തുടര്‍ പ്രവര്‍ത്തനത്തിന് അനുമതി നല്‍കണം എന്നോ, നല്‍കണ്ട എന്നോ, തീരുമാനം ഏതുമാകട്ടെ, സര്‍കാരില്‍ നിന്നും ഉത്തരവായി ലഭിക്കാന്‍ വേണ്ടത് ചെയ്യുക. അനുമതി നല്‍കണം എന്നാണു സര്‍ക്കാര്‍ ഉത്തരവ് എങ്കില്‍ പൊതു ജനം അടുത്ത വഴി നോക്കട്ടെ.

പഞ്ചായത്തിനെ സംബന്ധിച്ച് അവര്‍ക്ക് ഇനി ചെയ്യാനുള്ള വഴി ഇത് തന്നെയാണ്. കാരണം, എല്ലാ വകുപ്പ് മേധാവികളും കള്ളനും പോലീസും കളിക്കുകയാണ്.  പഞ്ചായത്താണ് ആ കളിയിലെ കേമന്‍ എങ്കിലും നാട്ടുകാര്‍ക്ക് ചെയ്യിക്കാനാവുന്നത് അവരെ കൊണ്ട് മാത്രമാണ്.

മാര്‍ഗ്ഗം C : ജനത്തിന്റെ വഴി

ഈ കമ്പനിയില്‍ നിന്നും ഓശാരം പറ്റുന്നതില്‍ എല്ലാ പാര്ട്ടികാരും ഒന്നിനൊന്നു മെച്ചമാണ് എന്ന് തന്നെയാണ് എല്ലാരും മനസിലാക്കുന്നത്. അത് കൊണ്ട്, ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ലേബലില്ലാതെ, പൊതു ജനം കൂട്ടമായി ഇരുന്നു അടുത്ത തെരഞ്ഞെടുപ്പില്‍ അവര്‍ക്കിഷ്ട്ടപ്പെട്ട, നിസ്വാര്‍ത്ഥരായ പൊതു പ്രവര്‍ത്തകരെ കണ്ടെത്തി അവരെ മത്സരിപ്പിക്കുക. നാടും ലോകവും നന്നാകാനാവില്ല എങ്കിലും, ചൈന ക്ലേ പ്രശ്നത്തില്‍ പഞ്ചായത്ത് ചെയ്യാനുള്ള നടപടികള്‍ എങ്കിലും ത്വരിതപ്പെദുത്താന്‍ അതുവഴി കഴിഞ്ഞാല്‍ ചെയ്ത വോട്ടുകള്‍ ഫലവത്താകും.  ഇലക്ഷന്‍ സമയമാകുമ്പോള്‍, ഇടതും വലതും നിശച്ചയമായും മത്സരിക്കും. അതിനിടയില്‍ വെല്‍ഫയര്‍ പാര്‍ട്ടി, എസ്. ഡി. പി. ഐ, എന്നീ പാര്‍ട്ടികള്‍ കയറി വന്നു സ്വയം മത്സരിച്ചു വോട്ടുകള്‍ ചിതരാതിരിക്കാന്‍ ജനം വേണ്ടത് ചെയ്യുക, ആ പാര്‍ട്ടികളും വേണ്ടത് ചെയ്യുക. പകരം, എല്ലാ വോട്ടുകളും ഒരു നിഷ്പക്ഷ, സ്വതന്ത്ര, പൊതു പ്രവര്‍ത്തനിലേക്ക് ഒഴുക്കുക. നാടിനു നന്ദി ചെയ്യാത്ത ഒന്നിനും കൊള്ളാത്ത മിണ്ടാ പ്രാണികളെ തെരഞ്ഞെടുത്ത ജനത്തിനു മേല്‍ കാര്യങ്ങള്‍ ഒന്നും നടക്കുന്നില്ല എങ്കില്‍ അതെ ചെയ്യാനുള്ളൂ..

ഇലക്ഷന്‍ അടുക്കുന്തോറും പാര്‍ട്ടികള്‍ക്ക് ഈ പ്രശ്നത്തോടുല്ല്ല ആത്മാര്‍ഥത കൂടി വരും... ആയതിനാല്‍.. പഴയതൊക്കെ ആ സമയം മറന്നു പോകാതിരിക്കുക... ചെയ്യാന്‍ പറ്റുമെങ്കില്‍ ഇപ്പോള്‍ ചെയ്യട്ടെ... ഇലക്ഷന് മുമ്പുള്ള റെഡി മെയ്ഡ് പുഞ്ചിരിയും വാഗ്ദാനങ്ങളും ചവറ്റുകൊട്ടയില്‍ പോയി തള്ളട്ടെ!  അതിനായി വെക്കുന്ന വെള്ളം ഇപ്പോള്‍ തന്നെ മാറ്റി വെക്കട്ടെ...

ഏതെങ്കിലും ഒരു കാലത്ത് ജനം വിജയം കാണുക തന്നെ ചെയ്യും... അതിനായി ഒരു നിഷ്പക്ഷ, നിഷ്കലങ്ങ, മനസുള്ള ഒരാള്‍ ഉയര്‍ന്നു വരിക തന്നെ ചെയ്യും... ചെയ്യട്ടെ.. ആമീന്‍...


No comments:

Post a Comment