Saturday, August 9, 2014

പരിസ്ഥിതി നാശം സര്‍ക്കാര്‍ വിലാസം

Copied from: http://enikkumparayanundu.blogspot.in/2010/05/blog-post.html

ഇവിടുത്തെ മണ്ണിന് പൊന്നിന്റെ വിലയുണ്ടെന്ന് ആദ്യം കണ്ടെത്തിയത് സാമുവല്‍ ആറോണായിരുന്നു. തന്റെ ഓട്ടുകമ്പനിയിലേക്ക് പശിമയുള്ള മണ്ണ് തേടിയിറങ്ങി വയലായ വയലെല്ലാം കിളച്ചു മറിച്ചതിന് ശേഷമാണ് മാടായിപ്പാറക്കു താഴെയുള്ള ഭാഗം ആറോണിന്റെ ശ്രദ്ധയില്‍പ്പെട്ടത്. അക്കാലത്ത് ആ പ്രദേശത്തെ നാട്ടുകാര്‍ ചേടിക്കുണ്ടെന്നായിരുന്നു വിളിച്ചിരുന്നത്. തങ്ങളുടെ നാട്ടിലെ മണ്ണ് കുഴിച്ചെടുക്കുന്നത് എന്തിനെന്ന് അന്നൊന്നും അവര്‍ക്ക് അറിയുമായിരുന്നില്ല. പ്രദേശത്ത് ചുരുക്കം ചില വീടുകളും വീട്ടുകാരും മാത്രമേ ഉണ്ടായിരുന്നുള്ളു. അവരെ പണം കൊടുത്തും അല്ലാതെയുമെല്ലാം ഒഴിപ്പിച്ചെടുത്താണ് ചേടിക്കുണ്ടിനെ സാമുവല്‍ ആറോണ്‍ തന്റേതാക്കിയതെന്ന് പഴമക്കാര്‍ പറയുന്നു.
കാലം 1949. സാമുവല്‍ ആറോണ്‍ ചിറക്കല്‍ തമ്പുരാനില്‍ നിന്നും ചാര്‍ത്തി വാങ്ങിയ 11 ഏക്കര്‍ സ്ഥലം പിന്നീട് ഒരു നാടിനെയാകെ കൊല്ലാനുള്ള വിഷം ഉത്പാദിപ്പിക്കുന്ന സ്ഥലം ആകുമെന്ന് അന്ന് ആരും അറിഞ്ഞിരുന്നില്ല. മാടായിപ്പാറക്ക് ഏറെ താഴെ തെക്കു പടിഞ്ഞാറെ ചെരിവില്‍ 11 ഏക്കറില്‍ പരന്നു കിടന്ന മണ്ണിന്റെ അംശങ്ങള്‍ ഇപ്പോള്‍ എല്ലാവരുടേയും വീടുകളിലുണ്ടാകും- സിറാമിക് പാത്രങ്ങളും പൈപ്പുകളും മറ്റുമായി. ചൈനാക്ലേ എന്നാണ് ഈ മണ്ണ് അറിയപ്പെടുന്നത്. അലോപ്പതി ഗുളികകള്‍ നിര്‍മ്മിക്കാന്‍ പോലും ചൈനാക്ലേ ഉപയോഗിക്കുന്നുണ്ടത്രെ!
സമുദ്ര നിരപ്പില്‍ നിന്നും 130 മുതല്‍ 150 വരെ അടി ഉയരമുണ്ട് മാടായിപ്പാറക്ക്. ഭൂ നിരപ്പില്‍ നിന്നും ഇരുപത് മീറ്റര്‍ താഴെയാണ് ഇവിടെ ചൈനാക്ലേ നിക്ഷേപമുള്ളത്. ഒരുപക്ഷേ തന്നിലെ കച്ചവടക്കാരന്റെ എക്‌സേ കണ്ണുകളായിരിക്കും ഭൂമിക്കടിയില്‍ കിടക്കുന്ന ചൈനാക്ലേയുടെ കാഴ്ച സാമുവല്‍ ആറോണിന് നല്കിയത്. ഉയരമുള്ള പാറയെ ആദ്യം ഭൂനിരപ്പിലേക്കെത്തിക്കണം. എന്നിട്ട് അവിടെ നിന്ന് 15 മുതല്‍ 20 മീറ്റര്‍ വരെ താഴേക്ക് കുഴിക്കണം. എങ്കിലേ ചൈനാക്ലേ നിക്ഷേപം കണ്ടെത്താന്‍ കഴിയുകയുള്ളു. ആധുനിക സൗകര്യങ്ങളൊന്നുമില്ലാതിരുന്ന അക്കാലത്ത് ഇത് കണ്ടെത്തിയ അദ്ദേഹത്തെ സമ്മതിക്കുക തന്നെ വേണം. പക്ഷേ, പിന്നീടുണ്ടായ നടപടികള്‍ ഒരു നാടിനെ അപ്പാടെ നശിപ്പിക്കാന്‍ പോന്നതായിരുന്നു. ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം ചൈനാക്ലേ ഖനനത്തിനു നേരെ എതിര്‍പ്പിന്റെ കുന്തമുനകള്‍ ഉയര്‍ന്നതും അതുകൊണ്ടായിരുന്നല്ലോ.

പരിസ്ഥിതി സംരക്ഷിക്കുന്ന മാടായിപ്പാറ കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടിയിലാണ് മാടായിപ്പാറ സ്ഥിതി ചെയ്യുന്നത്. വടുകുന്ദ ക്ഷേത്രവും കടുത്ത വേനലിലും വറ്റാത്ത തടാകവും ജൂതക്കുളവും പാളയവും ചതുരക്കുളങ്ങളും ചതുരക്കിണറുകളുമൊക്കെയുണ്ട് 900 ഏക്കര്‍ വിസ്തൃതിയുള്ള മാടായിപ്പാറയില്‍. അപൂര്‍വ്വ സസ്യജാലങ്ങളുടേയും ജീവി വര്‍ഗ്ഗങ്ങളുടേയും കലവറ കൂടിയാണ് ഇവിടം. 250ലേറെതരം പൂമ്പാറ്റകള്‍, സൈബീരിയന്‍ പക്ഷികളുടെ കേന്ദ്രം, പ്രാണിയെ പിടിക്കുന്ന ഗ്രോസിറയെന്ന ചെടി, കാക്കാപ്പൂവുകള്‍, അത്യപൂര്‍വ്വങ്ങളായ ഔഷധ സസ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ നിറഞ്ഞ ഈ പ്രദേശം പരിസ്ഥിതി സംരക്ഷണത്തിന്റെ കലവറയാണ്.
പഴയങ്ങാടി റെയില്‍വേ സ്റ്റേഷന് പിറകിലാണ് കേരള ക്ലെയ്‌സ് ആന്റ് സിറാമിക് പ്രൊഡക്ട്‌സ് ലിമിറ്റഡ്. റെയില്‍വേ സ്റ്റേഷന്‍ റോഡിലൂടെ മുട്ടത്തേക്കുള്ള വഴിയില്‍ പൊളിഞ്ഞു കിടക്കുന്ന ശ്രീലക്ഷ്മി ടാക്കീസിനടുത്തെത്തുമ്പോള്‍ കാണാനാകും മാടായിപ്പാറയുടെ ദുരിതാവസ്ഥ. മണ്ണുമാന്തിയെടുത്ത് കുഴിയാക്കി പരിസ്ഥിതിയുടെ വലിയൊരു കേന്ദ്രത്തെ എങ്ങനെ നശിപ്പിക്കാനാകുമെന്ന് കാണിച്ചുതരുന്നു ഈ ദൃശ്യം. മഴ പെയ്ത് കെട്ടിക്കിടക്കുന്ന വെള്ളത്തിന് രക്തത്തിന്റേതു പോലെ ചുവന്ന നിറം. ചുവപ്പും കറുപ്പും കലര്‍ന്ന മണ്ണടരുകള്‍ക്ക് ഭീകരതയുടെ പേടിപ്പിക്കുന്ന കാഴ്ചകളുണ്ടോ? നീണ്ട 27 വര്‍ഷം മണ്ണിന്റെ ഹൃദയം മാന്തിയെടുത്താണ് ആറോണിന്റെ കമ്പനി പൂട്ടിയത്. പിന്നീട് കേരള സര്‍ക്കാരിന്റെ കൈകളിലെത്തി മണ്ണുമാന്തലിന്റെ ഉടമസ്ഥാവകാശം. 1981 മുതല്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള കമ്പനി അങ്ങനെ ജനാധിപത്യത്തിന്റെ കശാപ്പുകാരും നാടിന്റെ അന്തകരുമായി. പരിസ്ഥിതി നാശം സര്‍ക്കാര്‍ ചെലവിലായി.

ആറോണിന്റെ കഥ; സര്‍ക്കാറിന്റേയും ചിറക്കല്‍ തമ്പുരാക്കന്‍മാരില്‍ നിന്നും ചാര്‍ത്തിക്കിട്ടിയ 11 ഏക്കറിലേയും മണ്ണെടുത്ത് തീരുമെന്ന് തോന്നിയ ഘട്ടത്തിലാണ് 1964ല്‍ സാമുവല്‍ ആറോണിന്റെ കമ്പനി മാടായി പാറയിലെ 19 ഏക്കര്‍ കൂടി തമ്പുരാനില്‍ നിന്നും ചാര്‍ത്തി വാങ്ങിയത്. തെക്കു പടിഞ്ഞാറ് ഭാഗത്ത് ഖനനം നടത്തിയാല്‍ ബാക്കിയാകുന്ന മണ്ണ് നിക്ഷേപിക്കാനാണെന്ന് പറഞ്ഞായിരുന്നുവത്രെ സ്ഥലം വാങ്ങിയത്. രണ്ടിടങ്ങളിലായായിരുന്നു 19 ഏക്കര്‍ സ്ഥിതിചെയ്തിരുന്നത്. ഒരിടത്ത് 11 ഏക്കര്‍ 70 സെന്റും മറ്റൊരിടത്ത് ഏഴ് ഏക്കര്‍ 30 സെന്റുമായിട്ടായിരുന്നു സ്ഥലം. മാടായി പാറക്കു മുകളില്‍ ഖനനം ഉദ്ദേശിച്ചാണ് ആറോണ്‍ സ്ഥലം വാങ്ങിയതെന്ന് പിന്നീട് നാട്ടുകാര്‍ ആരോപണം ഉന്നയിച്ചിരുന്നു. ഖനനം നടത്തിയാല്‍, നിയമപ്രകാരം മണ്ണ് അതേ കുഴിയില്‍ തന്നെ നിക്ഷേപിക്കണമെന്നും അതിനുമുകളില്‍ വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കണമെന്നുമൊക്കെയുണ്ട്. പക്ഷേ, നിയമം എല്ലാ കാലത്തും ഏട്ടിലെ പശു മാത്രമാണല്ലോ. അതുകൊണ്ടു തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മാടായിയുടെ 'സ്വന്തം മണ്ണ്'.
ചൈനാക്ലേ ഖനനം നടത്തി വടക്കേ ഇന്ത്യ ഉള്‍പ്പെടെയുള്ള ഇടങ്ങളിലേക്കാണ് കയറ്റി അയക്കുന്നത്. വാളയാര്‍ മലബാര്‍ സിമന്റ്‌സിലേക്ക് നിയമവിരുദ്ധമായി ഇവിടുത്തെ മണ്ണ് കടത്തുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. മാത്രമല്ല 10 വര്‍ഷം മുമ്പ് ഒരു ടണ്‍ ചൈനാക്ലേയ്ക്ക് 800 രൂപ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 2500ലേറെ രൂപയായിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആര്‍ക്കും ഇതിന്റെ ശരിയായ വില അറിയില്ല.
ആറോണിന്റെ കാലത്ത് ഖനനത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി അറുന്നൂറോളം തൊഴിലാളികളാണ് ഉണ്ടായിരുന്നത്. പിന്നീട് അത് നാനൂറായി ചുരുങ്ങി. അക്കാലത്തൊരിക്കല്‍ സമരം വന്നതാണ് 1976ല്‍ കമ്പനി പൂട്ടുന്നതിലേക്ക് നയിച്ചത്. അഞ്ച് വര്‍ഷക്കാലം പൂട്ടിയിട്ട കമ്പനി 1981ലാണ് രണ്ട് വര്‍ഷത്തേക്ക് സര്‍ക്കാര്‍ മാനേജ്‌മെന്റ് ഏറ്റെടുത്തത്. പരീക്ഷണാടിസ്ഥാനത്തിലായിരുന്നു സര്‍ക്കാറിന്റെ ഏറ്റെടുക്കല്‍. പിന്നീട് സര്‍ക്കാര്‍ തന്നെയായി കമ്പനി ഉടമ. 1987-88 കാലഘട്ടത്തില്‍ ആധുനിക യന്ത്രസാമഗ്രികള്‍ കേരള ക്ലെയ്‌സ് ആന്റ് സിറാമിക്‌സില്‍ എത്തിയതോടെയാണ് പരിസ്ഥിതി നാശത്തിന് വേഗം വര്‍ധിച്ചത്; നാട് നശിച്ചു തുടങ്ങിയത്. അങ്ങനെ ജനാധിപത്യ രാജ്യത്ത് ജനങ്ങളെ ഇഞ്ചിഞ്ചായി കൊല്ലാനുള്ള സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഷിപ്പായി സെറാമിക് കമ്പനി.
ജെ സി ബിയും പൊക്ലെയിനുമൊക്കെ എത്തിച്ചേര്‍ന്നതോടെ മണ്ണ് വാരലിന്റെ വേഗത കൂടി. പത്തോ നൂറോ തൊഴിലാളികള്‍ ചേര്‍ന്ന് ഒരു ദിവസം കൊണ്ട് ചെയ്തു തീര്‍ക്കുന്ന ജോലി ഒരു മണിക്കൂര്‍കൊണ്ട് ജെ സി ബി തീര്‍ത്തു തുടങ്ങി. മണ്ണൊലിപ്പിനും വിഷാംശങ്ങള്‍ ജലസ്രോതസ്സുകളിലേക്ക് ചേരുന്നതിനും വേഗത കൂടി. അക്കാലമാകുമ്പോഴേക്കും കമ്പനിയില്‍ കേവലം 150 തൊഴിലാളികളായി എണ്ണം ചുരുങ്ങിയിരുന്നു. പണ്ട്, പാറപൊട്ടിക്കാന്‍ തൊഴിലാളികളുടെ അധ്വാനമാണ് ഉണ്ടായിരുന്നതെങ്കില്‍ ആ സ്ഥാനത്തേക്ക് ജലാറ്റിന്‍ സ്റ്റിക്കും ഡിറ്റണേറ്ററുമൊക്കെ കടന്നുവന്നു. 1992 ആകുമ്പോഴേക്കും അന്തരീക്ഷവും ജലവുമെല്ലാം മലിനമായിത്തുടങ്ങി.

മാടായിപ്പാറ പൊട്ടിച്ചപ്പോള്‍ മുട്ടം വിഷമയമായി ചൈനാ ക്ലേ ഖനനത്തെ തുടര്‍ന്ന് മാടായിപ്പാറയുടെ സമീപത്തെ പഴയങ്ങാടിയേക്കാള്‍ വില നല്‌കേണ്ടി വന്നത് മുട്ടം എന്ന ഗ്രാമത്തിനായിരുന്നു. 75 ഏക്കര്‍ കൃഷി ഭൂമിയാണ് അഞ്ച് വര്‍ഷംകൊണ്ട് തരിശായത്. മുട്ടം ഭാഗത്തെ വീടുകളിലെ കിണറുകളെല്ലാം മലിനമായത് പെട്ടെന്നായിരുന്നു. വെള്ളം മലിനമായതോടെ നാട്ടുകാര്‍ക്ക് ശുദ്ധജലം വിതരണം ചെയ്യാന്‍ ചൈനാ ക്ലേ കമ്പനി കിണര്‍ കുഴിച്ച് ജലം നല്കി. പക്ഷേ രണ്ട് വര്‍ഷം കഴിയുമ്പോഴേക്കും ചൈനാ ക്ലേയുടെ കിണറില്‍ പുഴുക്കളാണ് നുരഞ്ഞു പൊങ്ങിയത്. സിലിക്ക, അയേണ്‍ ഓക്‌സൈഡ്, അലൂമിനിയം ബോക്‌സൈറ്റ്, സള്‍ഫൈറ്റ് തുടങ്ങിയവ അടങ്ങിയ കൊടിയ വിഷമാണ് ഖനനത്തിലൂടെ കമ്പനി പൂറത്തേക്ക് തള്ളിയത്.
ഖനനത്തില്‍ വെള്ളവും മണ്ണും കലര്‍ന്നാണ് ലഭിക്കുക. ഇത് കമ്പനി യാര്‍ഡിലേക്ക് പമ്പ് ചെയ്ത് ഉണക്കുകയാണ് ആദ്യം ചെയ്യുക. മണ്ണ് ഉണങ്ങുന്നതിനിടയില്‍ പല തവണ വെള്ളം ചേര്‍ത്ത് പിന്നേയും പിന്നേയും കലക്കും. ഈ വെള്ളമെല്ലാം കമ്പനിക്കു പുറത്തെ ഓവുചാലിലൂടെ പുറത്തേക്ക് ഒഴുക്കിവിടും. ഓവുചാല്‍ കിലോമീറ്ററുകള്‍ താണ്ടി മുട്ടം ഗ്രാമത്തിലൂടെ കടലിലേക്ക് പോകും. മഴക്കാലത്ത് ഖനനത്തിന് അവധിയായിരിക്കും.

സ്വര്‍ണ്ണ നിറത്തില്‍ ഓവുചാല്‍ ഒരുതരം മഞ്ഞ നിറത്തിലുള്ള വെള്ളമാണ് ഓവുചാലിലൂടെ ഒഴുകുന്നുണ്ടായിരുന്നത്. ഓവുചാലില്‍ നിറയെ സ്വര്‍ണ്ണവും വെള്ളിയും ചേര്‍ന്നതുപോലുള്ള മണ്‍തരികള്‍. കാണാന്‍ ഭംഗിയുണ്ടെങ്കിലും കടുത്ത വിഷമാണ് ഇതെന്നാണ് സമീപവാസികള്‍ പറയുന്നത്. ഓവുചാലില്‍ അടിഞ്ഞ മണ്ണിന് വല്ലാത്ത പശിമയുണ്ടായിരുന്നു. അബദ്ധത്തില്‍ ഓവില്‍ വീഴുന്ന ജീവികള്‍ ചത്തുപോവുകയാണത്രെ പതിവ്. മുട്ടത്ത് തെങ്ങുകള്‍ ഭൂരിഭാഗവും ഉണങ്ങിത്തുടങ്ങിയിട്ടുണ്ട്. തലപോയ കുറേ തെങ്ങുകള്‍ രക്തസാക്ഷികളായി നിലയുറപ്പിച്ചിട്ടുമുണ്ട്. പക്ഷേ, നാട്ടുകാര്‍ ഇതിന്റെ ഗൗരവം തിരിച്ചറിഞ്ഞുവോ എന്നത് ഇപ്പോഴും സംശയമാണ്.
ഓവുചാലില്‍ അടിഞ്ഞുകൂടിയ വിഷാംശങ്ങള്‍ കമ്പനിയുടെ ചെലവില്‍ കോരിക്കളഞ്ഞത് ഈ അടുത്ത കാലത്താണ്. ഓവുചാലിന്റെ അരികുകളില്‍ വിഷച്ചെളി എത്ര ഉയരത്തിലുണ്ടായിരുന്നു എന്നതിന് ഇപ്പോഴും സാക്ഷ്യം വഹിക്കുന്നുണ്ട്. മഴക്കാലത്ത് ഗന്ധകം പരന്നുപൊങ്ങിയും വേനല്‍ക്കാലത്ത് പൊടിപടലങ്ങള്‍ പടര്‍ന്നും അന്തരീക്ഷം മലിനമാകും.

ഇനി സമരകാലം ചൈനാക്ലേ ഖനനത്തിലൂടെ പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുന്നതിനെതിരെ ജനങ്ങള്‍ തൊണ്ണൂറുകളിലാണ് സമരം തുടങ്ങിയത്. 1993ലും 94, 95, 96 വര്‍ഷങ്ങളിലുമെല്ലാം ജനങ്ങള്‍ സമരം നടത്തി. പരിസ്ഥിതി സംരക്ഷണത്തിനായി നാട്ടുകാര്‍ രണ്ട് സമിതികള്‍ രൂപീകരിച്ചു. എണ്‍വയോണ്‍മെന്റല്‍ കണ്‍സര്‍വേഷന്‍ ഗ്രൂപ്പും (ഇ സി ജി) മാടായിപ്പാറ സംരക്ഷണ സമിതിയും. ഇ സി ജിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സമര പരിപാടികളില്‍ പങ്കെടുക്കാന്‍ മേധാപട്കറും സുഗതകുമാരിയുമൊക്കെ എത്തിച്ചേര്‍ന്നിരുന്നു. 1995ല്‍ ഇ സി ജിയുടെ നേതൃത്വത്തില്‍ മാടായിപ്പാറക്ക് ചുറ്റും മനുഷ്യച്ചങ്ങല സൃഷ്ടിച്ചു. ഇ സി ജി പതുക്കെ മാടായിപ്പാറ സംരക്ഷണ സമിതിയിലേക്ക് ലയിച്ചതോടെ രണ്ടും ചേര്‍ന്ന് ഒരു കമ്മിറ്റിയായി. സമരമുഖത്ത് ഇപ്പോള്‍ സജീവമാണ് മാടായിപ്പാറ സംരക്ഷണ സമിതി. കേരള ക്ലെയ്‌സ് ആന്റ് സിറാമിക്‌സ് ഈ വര്‍ഷം രജത ജൂബിലി ആഘോഷിക്കുമ്പോള്‍ ഒരുവര്‍ഷക്കാലം കരിവര്‍ഷമായി ആചരിക്കാനാണ് മാടായിപ്പാറ സംരക്ഷണ സമിതിയുടെ തീരുമാനം. അക്കാലത്ത് മടായിപ്പാറയുടെ പരിസ്ഥിതി പ്രാധാന്യത്തെ കുറിച്ചുള്ള ക്ലാസ്സുകളും കുന്ന്- ജലസംരക്ഷണ സെമിനാറുകളും ജൈവ വൈവിധ്യ പഠന സമ്മേളനങ്ങളും ചരിത്ര സെമിനാറുകളും ശലഭ നിരീക്ഷണ കൂട്ടായ്മയും പരിസ്ഥിതി ആഘാത പഠനങ്ങളുമെല്ലാം സമരത്തിന്റെ ഭാഗമായി ചെയ്തു തീര്‍ക്കും. കമ്പനിയുടെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 10 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവെച്ചിട്ടുള്ളത്.
പാറയിലെ 400 ഏക്കറോളം സ്ഥലം ഗുജറാത്ത് മിനറല്‍ ഡവലപ്‌മെന്റ് കോര്‍പറേഷന് ഖനനത്തിനായി നല്കാന്‍ സര്‍ക്കാര്‍ ധാരണാപത്രം ഒപ്പുവെക്കാന്‍ തീരുമാനിച്ചപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഖനനത്തിന് മുന്നോടിയായി ദല്‍ഹി ആസ്ഥാനമായ വാപ്‌കോഫ് എന്ന സംഘടന പരിസ്ഥിതി ആഘാത പഠനം നടത്തിയപ്പോള്‍ നാട്ടുകാര്‍ തടഞ്ഞിരുന്നു.
കേരള ഇലക്ട്രിസിറ്റി ബോര്‍ഡില്‍ നിന്നും അക്കൗണ്ട്‌സ് ഓഫിസറായി വിരമിച്ച കെ പി ചന്ദ്രാംഗദനാണ് മാടായിപ്പാറ സംരക്ഷണ സമിതിയുടെ തലപ്പത്ത് പ്രവര്‍ത്തിക്കുന്നത്. എരിപുരത്തെ തന്റെ റൈറ്റേഴ്‌സ് ബില്‍ഡിംഗിലെ ശ്രീലക്ഷ്മി എന്റര്‍പ്രൈസസ് എന്ന അങ്ങാടി മരുന്ന്കടയിലിരുന്ന് സമരത്തെ നിയന്ത്രിക്കുന്നു ഈ ഖദര്‍ധാരി. ആധാരമെഴുത്തുകാരനായ പിതാവിന്റെ സ്മരണയ്ക്കാണ് തന്റെ കെട്ടിടത്തിന് റൈറ്റേഴ്‌സ് ബില്‍ഡിംഗ് എന്ന പേര് നല്കിയതത്രെ. മാത്രമല്ല, അങ്ങാടി മരുന്ന് കടയും പിതാവിന്റേതായിരുന്നു.
മാടായിപ്പാറ സംരക്ഷിക്കാനായി കെ സി വേണുഗോപാല്‍ മന്ത്രിയായിരിക്കെ ടൂറിസം വില്ലേജ് എന്ന പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. പക്ഷേ, അതേകുറിച്ചൊന്നും പിന്നീട് വിവരങ്ങളില്ലാതായി.
മാടായിപ്പാറയും പരിസ്ഥിതി സംരക്ഷണവും പഴയങ്ങാടിക്കാര്‍ക്ക് കേവലമൊരു പ്രവര്‍ത്തനം മാത്രമല്ല. തങ്ങളുടെ ബാല്യവുമായി പറ്റേ ബന്ധപ്പെട്ടുകിടക്കുന്ന ഒരു വസ്തുതയാണത്. പഴയങ്ങാടിക്കാരുടെ 'നൊസ്റ്റാജിക് ഫീലിംഗ്‌സ്' മുഴുവനും മാടായിപ്പാറയുമായി ബന്ധപ്പെട്ടതായിരിക്കും.

ഇറ്റീറ്റിപുള്ള് പാട്ടുപാടുന്നു വടുകുന്ദ ക്ഷേത്രത്തിന് പിറകിലൂടെ ഖനന പ്രദേശം കാണാന്‍ പോകുമ്പോള്‍ പ്രായം ഏറെയുണ്ടായിരുന്ന സെക്യൂരിറ്റിക്കാരന്‍ തടഞ്ഞു. കാണുന്നില്ലേ, അവിടെ ബോര്‍ഡുണ്ട്- നിരോധിത മേഖലയെന്ന്. വേഗം പൊയ്‌ക്കോളു എന്ന് അയാളുടെ ആജ്ഞ. കുന്നും പ്രകൃതിയും നശിപ്പിക്കുന്നത് മറ്റാരും കാണാതിരിക്കാനായിരിക്കും അങ്ങനെയൊരു നിരോധനം ഏര്‍പ്പെടുത്തിയത്. സെക്യൂരിറ്റിക്കാരന്റെ കണ്ണ് വെട്ടിച്ച് മറ്റൊരു വഴിയിലൂടെ ഖനന പ്രദേശത്തേക്ക് കടക്കുമ്പോള്‍ തലക്കുമുകളില്‍ വട്ടമിട്ട് പറന്ന് രണ്ട് ഇറ്റീറ്റ് പുള്ളുകള്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഞങ്ങളേയും കാലത്തേയും തലമുറകളേയും രക്ഷിക്കണമെന്നായിരിക്കുമോ അവര്‍ പറയുന്നുണ്ടാവുക.

No comments:

Post a Comment