Friday, August 8, 2014

കമ്പനിയുടെ കള്ള വാദങ്ങളും യാഥാര്‍ഥ്യങ്ങളും



ചൈന ക്ലേ മലിനീകരണം നിര്‍ബാധം തുടരുന്നത് കാരണം ബഹുമാനപ്പെട്ട മാടായി പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പ്രസ്തുത കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാരിലേക്ക് നല്‍കിയ പരാതിക്ക്, സര്‍ക്കാര്‍ വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍, കമ്പനി നല്‍കിയത് തെറ്റിദ്ധരിപ്പിക്കുന്ന, സത്യത്തെ വളച്ചൊടിക്കുന്ന മറുപടിയാണ്. പ്രസ്തുത റിപ്പോര്‍ട്ടിന്മേല്‍ ഈ സമിതിക്ക് സമര്‍പ്പിക്കാനുള്ള മറുപടി ചുരുക്കത്തില്‍ ഇവിടെ ബോധിപ്പിക്കട്ടെ.  നിഷ്പക്ഷമായ ഒരന്വേഷണത്തിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമിക്കുകയാണ് എങ്കില്‍ കൂടുതല്‍ വ്യക്തമായ തെളിവുകള്‍ നല്‍കാന്‍  ഈ സമിതിയും ജനങ്ങളും തയ്യാറാണ് എന്നും സവിനയം ബോധിപ്പിക്കട്ടെ.

തോടും പുഴയും മാലിനീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നത് ആ പ്രദേശത്തിന്റെ പ്രത്യേകതയാണ്, കമ്പനി മാലിന്യം ഒഴുക്കി വിടുന്നത് കൊണ്ടല്ല എന്ന വാദം:
ഓരോ പ്രദേശത്തു ഭൂമിക്കടിയില്‍ വിത്യസ്തമായ സ്വഭാവങ്ങള്‍ തന്നെയാണ്. പക്ഷെ അവ ഖനനം ചെയ്തു മേല്‍ മണ്ണിലും തോടിലും പുഴയിലും കലരാന്‍ ഇട വരുമ്പോളാണ് പരിസര പ്രദേശങ്ങളിലെ വെള്ളം മോശമാവുന്നത്. ഏതൊരു ശുദ്ധ ജലം കിട്ടുന്ന കിണറും, കുറച്ചു കൂടി ആഴത്തില്‍ കുഴിച്ചാല്‍, ചെളിയും, ഇരുമ്പ് രസവും മറ്റു മാറ്റങ്ങളും ഉണ്ടാവും എന്നത് ഭൂമിയുടെ എല്ലായിടത്തെയും പ്രകൃതമാണ്. ചൈന ക്ലേ കമ്പനി ഭൂമി ഖനനം ചെയ്തു ചൈന ക്ലേ മണ്ണും, കേമിക്കലും മറ്റു മാലിന്യങ്ങളും ഈ നാട്ടിലെക്ക് പുറം തള്ളുന്നതാണ് ഈ നാട്ടിലെ വെള്ളം മോശമാകുന്നതിനു കാരണമായിട്ടുള്ളത്.  മുട്ടം എന്ന പ്രദേശം 25 വര്‍ഷങ്ങള്‍ കൊണ്ട് രൂപം കൊണ്ടതല്ല.  നൂറ്റാണ്ടുകള്‍ പഴക്കമുണ്ട് ഈ പ്രദേശത്തിന്.  ഇതിന്റെ തെക്ക് ഭാഗത്ത് കൂടി ഒഴുകുന്ന സുല്‍ത്താന്‍ കനാല്‍ രൂപീകരിച്ചത് തന്നെ സുല്‍ത്താന്‍ ഹൈദര്‍ അലിയാണ് എന്ന് ചരിത്രം പറയുന്നു. അതായത് നൂറ്റാണ്ടുകളായി തന്നെ ഈ പ്രദേശം നിലവിലുണ്ട് എന്ന് തെളിയുന്നു. ഇത്രയും വര്‍ഷത്തിനിടെ ഒരു നശീകരണവും, മാലിന്യവും കലരാത്ത വെള്ളം ഏകദേശം കഴിഞ്ഞ 24 ഓളം വര്‍ഷങ്ങളായി (കമ്പനി ഈ പ്രദേശത്തേക്ക് മാലിന്യം ഒഴുക്കി വിടാന്‍ ആരംഭിച്ച കാലം മുതല്‍)  മലിനമായിക്കൊണ്ടിരിക്കയാണ്.  കള്ളം പറഞ്ഞു പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്ന കമ്പനി അത് നിര്‍ബാധം തുടര്‍ന്ന് കൊണ്ടിരിക്കുന്നു എന്നതിന്റെ പല ഉദാഹരങ്ങളില്‍ ഒന്ന് മാത്രമാണ് കമ്പനിയുടെ പ്രവര്‍ത്തന ഫലമല്ല ഈ മലിനീകരണം എന്ന കമ്പനിയുടെ ഈ അവകാശ വാദം. നിഷ്പക്ഷമായ അന്വേഷണത്തിനായി ഇവിടുത്തെ വെള്ളം പരിശോധിച്ച് ചൈന ക്ലേ മാലിന്യം തന്നെയാണുള്ളത് എന്ന് ഉറപ്പു വരുത്തി തെളിയിക്കാന്‍ പൊതു ജനം തയ്യാറാണ്.

മണിക്കൂറില്‍ 25000 ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്‍റ്
ഒരു തരത്തിലുള്ള ട്രീട്മെന്റും ചെയ്യാതെ കെമിക്കല്‍ വെള്ളം അതെ പോലെ കടത്തി വിടുകയാണ് എന്നത് പല വട്ടം കളക്ടര്‍, വ്യവസായ മന്ത്രി എന്നിവര്‍ക്ക് നേരിട്ടും രേഖാമൂലവും ഞങ്ങള്‍ പരാതി സമര്പിച്ചതാണ്. അതിന്റെ വെളിച്ചത്തില്‍ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുന്ന സന്ദര്‍ഭത്തില്‍ പഞ്ചായത്ത് പ്രസിടെന്റും സമര സമിതി ചെയര്‍മാനും പങ്കെടുക്കുകയുണ്ടായി. ഒരു മോട്ടോര്‍ പോലും അന്ന് അവിടെ ഉണ്ടായിരുന്നില്ല എന്നത് അന്നുണ്ടായ ഉദ്യോഗസ്ഥര്‍ക്ക് മനസിലായിട്ടുള്ളതാണ്.  മറ്റൊരവസരത്തില്‍ ബഹുമാനപ്പെട്ട അഴീക്കോട് എം. എല്‍. എ, ശ്രീ. ഷാജി അവര്കളും ഈ ട്രീട്മെന്റ്റ്‌ പ്ലാന്റിന്റെ തട്ടിപ്പ് നേരിട്ട് സന്ദര്‍ശിച്ചു മനസിലാക്കിയിട്ടുള്ളതാണ്. ആ റിപ്പോര്‍ട്ട് വ്യവസായ വകുപ്പ് ഓഫീസില്‍ നിന്നും ബഹുമാനപ്പെട്ട വകുപ്പ് മന്ത്രിക്കു അയച്ചതായി ഞങ്ങള്‍ മനസിലാക്കുന്നു. അത് പരിശോധിച്ചു കമ്പനിയുടെ ഈ അവകാശ വാദം പൊള്ളയോ സത്യമോ എന്ന് തിരിച്ചറിയണം എന്ന് അപേക്ഷിക്കുന്നു.

കുടി വെള്ളം നല്‍കുന്നുണ്ട് എന്ന വാദം:
ഈ സമര സമിതി പ്രതിനിധാനം ചെയ്യുന്ന പ്രദേശത്തുള്ള ഒരു വീടിലും കുടി വെള്ളം കമ്പനിയോ മറ്റേതെങ്കിലും സംവിധാനമോ കുടി വെള്ളം നല്‍കുന്നില്ല. കമ്പനി വര്‍ഷങ്ങള്‍ക്കു മുമ്പ് മലിന ജലം ഒഴുക്കി വിട്ടത് മാടായി പ്രദേശത്തേക്ക് കൂടിയായിരുന്നു, അത് കാരണമുണ്ടായ അന്നാട്ടുകാരുടെ പ്രതിഷേധം അതി ജീവിക്കാന്‍ വേണ്ടിയാണ് ആ ഭാഗത്ത് കുറച്ചു പേര്‍ക്ക് വെള്ളം നല്‍കുന്നതായി അവകാശപ്പെടുന്നത്. ആ ഭാഗത്തേക്കുള്ള മലിനജലം ഒഴുക്ക് അവിടേക്കുള്ള എല്ലാ ഓവുചാലുകളും അടച്ചു ആ നാട്ടുകാര്‍ തന്നെ തടഞ്ഞിരുന്നു.  കൂടാതെ മുട്ടം ജനതയ്ക്ക് വേണ്ടത് കമ്പനി നല്‍കുന്ന ഔദാര്യമായ പൈപ്പ് വെള്ളമല്ല, മറിച്ച് ഇന്ന് ശുദ്ധ ജലം കിട്ടി കൊണ്ടിരിക്കുന്ന കൂടുതല്‍ കിണറുകള്‍ മാലിനീകരിക്കപ്പെടുന്നതില്‍ നിന്നുള്ള പരിഹാരമാണ് നശിപ്പിക്കപ്പെട്ട കിണറുകള്‍ക്ക് നഷ്ട്ടപരിഹാരവും, കുടിവെള്ള പദ്ധതിയുമാണ്.

ഖനനം ചെയ്ത പ്രദേശത്തു മരം വെച്ച് പിടിപ്പിക്കുന്നു എന്ന തട്ടിപ്പ്:
കമ്പനി അവകാശപ്പെടുന്നത്, ഖനനം ചെയ്ത പ്രദേശത്തു മരം വെച്ച് പിടിപ്പിച്ചു എന്നതാണ്. ഏകദേശം എത്ര പ്രദേശം ഖനനം ചെയ്തു, എത്ര വര്ഷം കൊണ്ട്, എത്ര പ്രദേശത്തു മരം നാട്ടു പിടിപ്പിച്ചു എന്നുള്ളവ പരിശോധിച്ചാല്‍ ഈ വാദവും കള്ളമാണ് എന്ന് മനസിലാകും. (ശാസ്ത്രീയമായി, കണക്കെടുത്താല്‍ ഈ വാദം തെറ്റാണ് എന്ന് തെളിയും) പ്രസ്തുത സ്ഥലത്ത് തന്നെ തിരിച്ചു നിക്ഷേപിക്കണം എന്ന് നിബന്ധനയുള്ള മേല്‍ മണ്ണ് കമ്പനി അതിന്റെ വേണ്ടപ്പെട്ടവര്‍ക്ക് സൌജന്യമായും, അവിഹിതമായി വില്‍ക്കുകയോ സൌജന്യമായി നല്‍കുകയോ ആണ് ചെയ്തു കൊണ്ടിരുന്നത്.  മുമ്പ് ശിവ ക്ഷേത്രം ഭാഗത്തു കൂടിയുള്ള വഴിയിലൂടെ മണ്ണ് കടത്തല്‍ വ്യാപകമായതിനാല്‍ അമ്പല കമ്മിറ്റി ഇടപെട്ടു ആ വഴി അടച്ചു അവിടെ മരം നട്ടത് ഇന്നും പരിശോധിക്കാവുന്നതാണ്.  ഇനി കമ്പനി പറയുന്നതു, മരങ്ങള്‍ അവിടെ വളരുന്നു എന്നും, മുട്ടം പ്രദേശത്തു കൃഷി വളരാത്തത് ആ ഭൂപ്രകൃതിയുടെ പ്രത്യേകത എന്നുമാണ് എങ്കില്‍;  മാടായി പാറയുടെ മേല്‍ മണ്ണ് പൊതുവേ വളക്കൂറുള്ള മണ്ണാണ്. ആ മണ്ണ് എവിടെ കൂട്ടി ഇട്ടാലും മരം വളരും.  വെള്ളം താഴെ നിന്ന് മുകളിലോട്ടു ഒഴുകാറില്ല എന്നത് സാമാന്യ ബുദ്ധിയാണ്. ഉയര്‍ന്ന പ്രദേശത്തു നട്ട മരം വളരുന്നു, അതുകൊണ്ട് താഴ്ന്ന പ്രദേശമായ മുട്ടത്തു മരം വളരാത്തത് ചൈന ക്ലേ കെമിക്കല്‍സ്‌ കലര്‍ന്നത് കൊണ്ടല്ല എന്ന് വാദിക്കുന്നത് ശുദ്ധ അസംബന്ധവും, വിഡ്ഢിത്തവുമാണ്. ഈ നാടുകാരുടെ പരാതി വഞ്ചനയിലൂടെ അനാവശ്യ പരാതിയായി കാണിച്ചു ശ്രദ്ധ തെറ്റിക്കാകാനുള്ള കമ്പനിയുടെ ശ്രമം മാത്രമാണ് ഈ വാദം.  കൂടാതെ ഇത്രയും കാലം തെങ്ങുകള്‍ കുലച്ചു നിന്നിരുന്ന പ്രദേശത്തു ഇപ്പോഴാണ് കൃഷി സാധ്യമാകാത്തത് എന്നതും ഇത് പ്രകൃത്യാ ഉള്ള പ്രശ്നമല്ല എന്നതിന് തെളിവാണ്.

മുട്ടം പള്ളിയുടെ കിണര്‍ ഉപയോഗിച്ച് കുടി വെള്ളം നല്‍കാനുള്ള പദ്ധതി നാട്ടുകാര്‍ തടഞ്ഞു എന്നത്:
മുട്ടം പള്ളിയുടെ കിണറിനോ, അതിന്റെ ടാങ്കിനോ കമ്പനി പറയുന്ന തരത്തില്‍ കൂടുതല്‍ വീടുകള്‍ക്ക് കുടിവെള്ളം നല്‍കാനുള്ള ശേഷി ഇല്ല മാത്രമല്ല അതിലെ വെള്ളം കുടിക്കാന്‍ യോഗ്യവുമല്ല. അതുകൊണ്ട് തന്നെയാണ് പ്രസ്തുത കിണറില്‍ നിന്നും വെള്ളം സംഭരിക്കുന്ന ടാങ്ക് കമ്പനി അധികൃതര്‍ ശുദ്ധിയാക്കുന്നത് നാട്ടുകാര്‍ തടഞ്ഞത്‌. നാട്ടുകാരുടെ കണ്ണില്‍ പൊടിയിട്ട് തല്‍കാലം പൊതുജന രോഷം അടക്കാനുള്ള വൃഥാ ശ്രമം ആണ് കമ്പനി നടത്തിയത്‌. മുട്ടത്തുകാര്‍ക്ക് വെള്ളം കിട്ടാത്തത് അല്ല പ്രശ്നം, നല്ല വെള്ളം കിട്ടാത്തതാണ്, അല്ലെങ്കില്‍ കിട്ടികൊണ്ടിരിക്കുന്ന ശുദ്ധ ജലം കമ്പനി നശിപ്പിക്കുന്നതാണ്.  കൂടാതെ ഈ കുടിവെള്ളം നല്‍കല്‍ പദ്ധതി എന്ന് പൂര്‍ത്തിയാക്കാന് സര്‍ക്കാര്‍ നിര്‍ദേശിച്ചത് എന്നും, അതിന്റെ പ്രാരംഭ പ്രവര്‍ത്തനം നടത്തിയ തീയതിയും പരിശോധിച്ചാല്‍ കമ്പനിയുടെ വഞ്ചന കൂടുതല്‍ വ്യക്തമാകും

വര്‍ഷങ്ങളായി ഈ വെള്ളം കാവിലെ വളപ്പ് തോട് വഴി മുട്ടം പാലക്കോട് പുഴയിലാണ് എത്തുന്നത് എന്ന കമ്പനിയുടെ അവകാശ വാദം: 
ഇത് തട്ടിപ്പാണ്. ഈ തോടിന്റെ കമ്പനിയുടെ ഭാഗം മുതല്‍, പുഴ വരെയുള്ള (ഇതെഴുതുന്ന സമയത്തും) ഭാഗം പരിശോധിച്ചാല്‍ മാത്രം മതി ഇത് തെറ്റാണ് എന്ന് മനസിലാകാന്‍. ചെളിയും, കെമിക്കലും ഒഴുക്കി വിട്ടത് കാരണം, കമ്പനിയുടെ ഭാഗം മുതല്‍ അങ്ങോട്ട് മീറ്ററുകള്‍ ആഴത്തിലും വീതിയിലും ചെളിയും മറ്റും വ്യാപിക്കുകയാണുണ്ടായത്. വെള്ളം മുട്ടം പുഴയില്‍ എത്തിയിട്ടില്ല. രണ്ടര കിലോ മീറ്ററുള്ള തോടിന്റെ ഏകദേശം മുന്നൂറോളം മീറ്റര്‍ മാത്രമാണ് ഇനി ഈ മാലിന്യം എത്താന്‍ ബാക്കിയുള്ളത്. അതുകൂടി കഴിഞ്ഞാല്‍ പൈപ്പില്ലാതെ നേരിട്ട് തന്നെ പുഴയിലാണ് മാലിന്യം എത്തിപ്പെടുക. ഈ തോടില്‍ മുമ്പത്തെപ്പോലെ ഇന്ന് ജീവജാലങ്ങള്‍ക്ക് കഴിയാനാവുന്നില്ല. അതെ സമയം മുട്ടം മുഴുവന്‍ ഇത്തരം വെള്ളമാണ്, അത് കാരണമാണ് ഈ തോട് മോശമാവുന്നത് എന്ന് വാദിക്കുന്ന കമ്പനി, ഈ തോടിന്റെ പരിസരത്തുള്ള മറ്റു കൊച്ചു തടാകങ്ങള്‍ പരിശോധിച്ചാല്‍, കമ്പനി കെമിക്കല്‍ എത്തിപ്പെടാത്ത പ്രദേശമെങ്കില്‍ അവിടെ ജീവജാലങ്ങളും മീനും കാണാം. പൈപ്പ് ഇട്ടു, ട്രീറ്റ് ചെയ്യാത്ത വെള്ളം വിടുന്നത് കാരണം, രണ്ടര കിലോ മീറ്ററില്‍ പൈപ്പ് പൊട്ടിയ പ്രദേശത്തു ഒഴികെ, ബാക്കി കെമിക്കല്‍സ്‌ നേരിട്ട് പുഴയില്‍ പതിക്കാന്‍ തുടങ്ങിയത് കാരണം ആണ് പുഴയുടെ ആ ഭാഗം നിറം മാറി മലിനീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്.

തോട് കമ്പനി ശുദ്ധിയാക്കുന്നു എന്ന വാദം:
കമ്പനി തോടിലെ ചെളി വാരി ശുദ്ധിയാക്കി എന്നത് മറ്റൊരു തട്ടിപ്പ് ആണ്. മഴക്കാലത്തിനു മുമ്പ്, പൊതു ജന രോഷം ഭയന്ന് ആ പ്രവൃത്തി തുടങ്ങുകയും, മഴ പെയ്യുന്നതോടെ ഇനി ചെയ്യാനാവില്ല, ഇനി മഴ മാറിയാല്‍ ചെയ്യാം എന്ന് പറഞ്ഞു നിര്‍ത്തുകയാണ് വര്ഷാ വര്‍ഷങ്ങള്‍ ആയി ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്നത്.  കൂടാതെ വര്ഷാ വര്‍ഷങ്ങളില്‍ പൂര്‍ണ്ണമായും ഈ രണ്ടര കിലോ മീറ്റര്‍ വരുന്ന തോട് കമ്പനി കേമിക്കലും, മഞ്ഞ നിറവും കലര്‍ന്ന ചെളിയും മറ്റും കോരി ശുദ്ധിയാക്കുന്നു എന്ന് റിപ്പോര്‍ട്ട് ചെയ്തതായി കാണുന്നു. ഇന്ന് ഈ തോട് പരിശോധിക്കുകയാണ് എങ്കില്‍ നിഷ്പക്ഷമായി കാര്യങ്ങള്‍ വിലയിരുത്താന്‍ തയാറുള്ള ആര്‍ക്കും മനസിലാകും അതിലെ മാലിന്യത്തിന്റെ അളവും, അത് എവിടെ നിന്ന് അവിടേക്ക് അടിയുന്നു എന്നതും, ശുദ്ധിയാക്കുന്നു എന്ന് വാദിക്കുന്നത് സത്യമോ എന്നതും. 

ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി എന്ന വാദം:
കോടികളുടെ കുടിവെള്ളം നശിപ്പിക്കുന്ന ഈ കമ്പനി, വരും കാലങ്ങളില്‍ സര്‍ക്കാരിന് തന്നെ കോടികളുടെ ബാധ്യതയുണ്ടാക്കുന്നവിധത്തില്‍ ഒരു പ്രദേശത്തിന്റെ  ആകമാനം കുടിവെള്ളം നശിപ്പിച്ചു കൊണ്ടിരിക്കയാണ്.  തുച്ചമായ 18 ലക്ഷത്തോളം രൂപയാണ് വര്ഷം ഏകദേശം ഈ കമ്പനി സര്‍ക്കാരിലേക്ക് ലാഭ വിഹിതം അടച്ചു കൊണ്ടിരിക്കുന്നത്.  ഈ വര്ഷം സാമ്പത്തിക സഹായമായി സര്‍ക്കാരില്‍ നിന്ന് വാങ്ങിയത് 450 ലക്ഷവുമാണ്.  അടക്കുന്ന തുച്ചമായ തുകയുടെ കണക്ക് പെരുപ്പിച്ചു കാട്ടി, ധന സഹായമെന്ന പേരില്‍ തിരിച്ചു വാങ്ങുന്ന വന്‍ തുകയുടെ കണക്ക് മനപ്പൂര്‍വ്വം ഒളിപ്പിച്ചു  സര്‍ക്കാരിനെ അടക്കം വിഡ്ഢികളാക്കുകയാണ് ഈ കമ്പനി ചെയ്യുന്നത്.  പൊതുജനത്തിനു കുറഞ്ഞ നിരക്കില്‍, നല്ല ഭക്ഷണം നല്‍കി വെറും രണ്ടു മാസം കൊണ്ട് തന്നെ കണ്ണൂര്‍ സെന്‍ട്രല്‍ ജെയിലില്‍ നിന്നും ഉണ്ടാക്കുന്ന ചപ്പാത്തിയും ഭക്ഷണവും വിറ്റ് അവര്‍ സര്‍ക്കാരിലെക്ക് അടച്ചത്‌ 14 ലക്ഷവും, (ഇപ്പോള്‍ കോടികളുമായി) എന്ന കണക്ക് ഇതോടൊപ്പം കൂട്ടി വായിക്കണം എന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.  അവര്‍ ഒരാളുടെയും കുടിവെള്ളം മുട്ടിക്കുകയല്ല, മറിച്ച്, മറ്റു സ്വകാര്യ ഹോട്ടലുകള്‍ കൊള്ള-വില ഈടാക്കുന്ന ഭക്ഷണ സാധനങ്ങള്‍ വളരെ കുറഞ്ഞ നിരക്കില്‍ നല്‍കി പൊതു ജനത്തെ സഹായിക്കുകയാണ് ചെയ്യുന്നത് എന്നും ഉണര്ത്തട്ടെ.

2 comments:

  1. മനുഷ്യത്വം മരവിച്ചതും മൃഗങ്ങൾക്ക് തുല്ല്യരുമാണ് ഈ നാട്ടിലെ ഭരണാതികാരികൾ...
    പള്ളി കമ്മിറ്റികളിലും പഞ്ചായത്ത് ബോർഡിലും കയറിയിരിക്കുന്നത് പൊതു പ്രവർത്തനവും നാടിന്റെ സ്പന്ദനവും എന്തെന്നറിയാത്ത കുറെ പണ ചാക്കുകളാണ് ...
    കമ്പനി ഇട്ടു കൊടുക്കുന്ന എച്ചിൽ കഷ്ണം മൂഞ്ചാൻ നടക്കുന്ന ഈ തെമ്മാടി പ്രമാണിമാരെ പാഠം പഠിപ്പിക്കാതെ ഈ നാട് നന്നാവില്ല...
    ചൈനാ ക്ലേ വിരുദ്ധ സമര പോരാളികൾക്ക് ഒരായിരം വിപ്പ്ലവാഭിവാദ്യങ്ങൾ...

    ReplyDelete
  2. ഈ സമരത്തിന് നേതൃത്ത്വം നല്കുന്ന ചില സുഹൃത്തുകകളോട് ഞാൻ ഇതേ വിഷയം മുൻപേ പറഞ്ഞിരുന്നു ..സത്യം പറഞ്ഞാൽ സോഷ്യൽ മീഡിയ പറഞ്ഞവരെ അപകീർത്തി പെടുത്തുന്നവ്ർ ആ പാർടിക്ക് മുതൽ കൂടായുണ്ട്‌ അത്തരക്കാർ ആണ് നാടിനു ശാപം

    ReplyDelete